ദില്ലി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് തിവാരിയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന ഭാര്യ അപൂര്‍വ ശുക്ല ജയിലില്‍ ഭാവി പ്രവചനം പഠിക്കുകയാണെന്ന് റിപ്പോര്‍ട്ട്.  

ടാരറ്റ് കാർഡുകളുപയോഗിച്ച്  പ്രവചനം പഠിക്കുകയാണ് അപൂര്‍വയെന്ന് ജയില്‍ ഭാവിപ്രവചന ക്ലാസ് നയിക്കുന്ന ഡോ. പ്രതിഭ സിംഗ് വ്യക്തമാക്കി. ഒന്നരവര്‍ഷമായി ജയിലില്‍ ക്ലാസുകള്‍ എടുക്കുന്നത് പ്രതിഭയാണ്. 

'ജയിലില്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ് ക്ലാസുകളുള്ളത്. എല്ലാ ക്ലാസുകളും ശ്രദ്ധാപൂര്‍വ്വം കേട്ട് മനസിലാക്കുന്ന അപൂര്‍വ പ്രവചനം പഠിക്കാനുള്ള ആഗ്രഹം ഇങ്ങോട്ട് അറിയിക്കുകയായിരുന്നു. കോടതിയില്‍ പോകേണ്ടി വന്നതിനാല്‍ ഒരു ദിവസത്തെ ക്ലാസ് അപൂര്‍വയ്ക്ക് നഷ്ടപ്പെട്ടു'. ടാരറ്റ് കാര്‍ഡ് പഠിക്കാന്‍ നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് പഠനം നടക്കാതെ പോകുകയായിരുന്നുവെന്നും അപൂര്‍വ പറഞ്ഞതായി ഡോക്ടര്‍ വ്യക്തമാക്കി, 

ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് തിവാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ജയില്‍ കഴിയുകയാണ് രോഹിത്തിന്‍റെ ഭാര്യയായ അപൂര്‍വ. 

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 16നാ​ണ് രോഹിത് കൊല്ലപ്പെട്ടത്. ഹൃ​ദ​യാ​ഘാ​ത​മാ​യി​രു​ന്നു മ​ര​ണ​കാ​ര​ണം എ​ന്നാ​യി​രു​ന്നു ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ. പി​ന്നീ​ട് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നുവെന്നും ഭാര്യ അപൂര്‍വയാണ് കൊലപാതകത്തിന് പിന്നിലെന്നും വ്യക്തമായത്.