ഇന്ത്യയിൽ ബിജെപി സർക്കാർ വരുന്നതായിരിക്കും നല്ലതെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ പ്രസ്താവന മുന്നോട്ട് വച്ചാണ് കെജ്‍രിവാള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്

ദില്ലി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ജയ്ഷെ ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല. ഭീകരാക്രമണവും അതിന് ഇന്ത്യ നല്‍കിയ തിരിച്ചടി രാഷ്ട്രീയ ആയുധമായി ബിജെപി ഉപയോഗിച്ചുവെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നായി ആരോപണം ഉന്നയിച്ചിരുന്നത്.

എന്നാല്‍, അതിനെക്കാള്‍ വലിയൊരു ആരോപണവുമായാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിൽ ബിജെപി സർക്കാർ വരുന്നതായിരിക്കും നല്ലതെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ പ്രസ്താവന മുന്നോട്ട് വച്ചാണ് കെജ്‍രിവാള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഇമ്രാന്‍ ഖാന്‍ മോദിയെ പിന്തുണയ്ക്കുകയാണ്. അതിനാല്‍ അവരുമായി മോദിക്ക് ഒരു രഹസ്യ ധാരണയുണ്ടെന്നുള്ള കാര്യമാണ് വ്യക്തമായിരിക്കുന്നത്. മോദിയെ സഹായിക്കാനാണോ തെരഞ്ഞെടുപ്പിന് മുമ്പ് അവര്‍ ഫെബ്രുവരി 14ന് നമ്മുടെ 40 സിആര്‍പിഎഫ് ജവാന്മാരെ അവര്‍ കൊലപ്പെടുത്തിയതെന്ന് എല്ലാവരും ചോദിക്കുകയാണെന്നും കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയിൽ ബിജെപി സർക്കാർ വരുന്നതായിരിക്കും നല്ലതെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പ്രസ്താവനക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പാക്കിസ്ഥാനും പാക് അനുകൂലികളുമാണ് ബിജെപിയെ എതിർക്കുന്നത് എന്ന് മോദി നേരത്തേ ആവർത്തിച്ച് പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് ഇമ്രാൻ ഖാന്‍റെ പ്രസ്താവന കോൺഗ്രസും മറ്റു പാർട്ടികളും ആയുധമാക്കുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബിജെപി അടക്കമുള്ള വലതുപക്ഷം ആക്രമിക്കുമെന്ന ഭീതിയിൽ കശ്മീർ ചർച്ചകളിൽ വിട്ടുവീഴ്ചകൾക്ക് അവർ തയ്യാറായേക്കില്ലെന്നായിരുന്നു ഇമ്രാൻ ഖാന്‍റെ പ്രസ്താവന.