ദില്ലി/ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനത്തിൽ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതിന് ഇന്ത്യ തിരിച്ചടിച്ച സാഹചര്യത്തിൽ അതിർത്തിയിലെ സാഹചര്യം ഗൗരവത്തോടെ നിരീക്ഷിച്ച് പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്. ആർട്ടിലറി ഗണ്ണുകൾ, അഥവാ പീരങ്കികൾ ഉപയോഗിച്ച് പാക് അധീന കശ്മീരിലെ തീവ്രവാദക്യാമ്പുകളിലേക്ക് ഇന്ത്യ നടത്തിയ തിരിച്ചടിയിൽ അഞ്ച് പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടെന്നാണ് കരസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇന്ത്യയുടെ വെടിവെയ്പിൽ ഒരു സൈനികനും മൂന്ന് നാട്ടുകാരും മരിച്ചെന്ന് ആദ്യം പറഞ്ഞ പാകിസ്ഥാൻ പിന്നീട് ആറു നാട്ടുകാർ ഇന്ത്യയുടെ വെടിവയ്പിൽ മരിച്ചെന്ന് തിരുത്തി.

കരസേനാമേധാവി ബിപിൻ റാവത്തുമായി പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് ചർച്ച നടത്തി. അതിർത്തിയിലെ സാഹചര്യം രാജ്‍നാഥ് സിംഗ് നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. വെടിനിർത്തൽ കരാർ ലംഘനങ്ങൾക്കുണ്ടായ സാഹചര്യത്തെക്കുറിച്ചും പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് എന്ത് പ്രകോപനമാണുണ്ടായത് എന്നതിനെക്കുറിച്ചും കരസേനാമേധാവിയിൽ നിന്ന് പ്രതിരോധമന്ത്രി റിപ്പോർട്ട് തേടി. 

പാക് അധീനകശ്മീരിലെ നീലം താഴ്‍വരയിൽ നാല് തീവ്രവാദ ക്യാമ്പുകൾക്ക് നേരെയാണ് ഇന്ത്യൻ സൈന്യം ആർട്ടിലറി ഗണ്ണുകൾ ഉപയോഗിച്ച് വെടിയുതിർത്തത്. താങ്ധറിൽ അതിർത്തിയ്ക്കിപ്പുറത്തേക്ക് വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം ഇന്ന് പുലർച്ചെ നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കുമേറ്റു. ഇതിന് മറുപടിയായാണ് സൈന്യം തീവ്രവാദക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. പ്രത്യാക്രമണത്തിൽ അഞ്ച് പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടെന്നും, തീവ്രവാദികൾക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് കരസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. 

ഇന്ത്യയിലേക്ക് തീവ്രവാദികളെ നുഴഞ്ഞു കയറാൻ സഹായിക്കുന്ന തീവ്രവാദക്യാമ്പുകൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും, ഇതിന് എല്ലാ അവകാശവും ഇന്ത്യക്കുണ്ടെന്നുമുള്ള നിലപാടിലാണ് സൈന്യം. പുൽവാമയിലെ ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ പാക് അതിർത്തിയിലേക്ക് കടന്ന് ചെന്ന് ആക്രമണം നടത്തിയത്. ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദിന്‍റെ തീവ്രവാദ പരിശീലന കേന്ദ്രം വ്യോമസേന ആക്രമിച്ച് തകർത്തു. 2016-ൽ ഉറി ഭീകരാക്രമണത്തിന് പിന്നാലെയാണ് സൈന്യം പാകിസ്ഥാനിലേക്ക് കടന്ന് ചെന്ന് സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. സമാനമല്ലെങ്കിലും പാക് അതിർത്തിയിലേക്ക് ആർട്ടിലറി ഗണ്ണുകൾ ഉപയോഗിച്ച് ഒരു പ്രത്യാക്രമണമാണ് ഇന്ത്യ നൽകിയിരിക്കുന്നത്. പാക് സൈന്യത്തിന് വ്യക്തമായ ഒരു താക്കീതെന്ന നിലയിലാണ് സൈന്യം ഈ ആക്രമണത്തെ കണക്കാക്കുന്നതും. 

എന്നാൽ ഇന്ത്യയുടെ വെടിവെയ്പിൽ മൂന്ന് നാട്ടുകാരും ഒരു സൈനികനും മരിച്ചെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. ഒമ്പത് ഇന്ത്യൻ സൈനികരെ വധിച്ചെന്നാണ് പാക് സൈനിക വക്താവിന്‍റെ അവകാശവാദം. സൈനികരുടെ മൃതദേഹങ്ങളെടുക്കാൻ ഇന്ത്യ വെള്ളക്കൊടി ഉയർത്തിയെന്നും പാക് സൈനിക വക്താവ് അവകാശപ്പെടുന്നു. എന്നാൽ പാക് സൈനികവക്താവിന്‍റെ വാദമല്ല, സ്ഥലത്തെ മജിസ്ട്രേറ്റ്, മുസഫറബാദ് ജില്ലാ മജിസ്ട്രേറ്റ് ആവർത്തിച്ചത്. ഇന്ത്യയുടെ വെടിവയ്പിൽ ആറ് നാട്ടുകാർ മരിച്ചെന്ന് മുസഫറാബാദ് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. എത്ര മരണമെന്ന കാര്യത്തിൽ പാകിസ്ഥാന്‍റെ ഒരു ഔദ്യോഗിക പ്രസ്താവന വേറെ വന്നതുമില്ല. 

എന്നാൽ ഭീകരരുടെ ഇടത്താവളങ്ങൾ മാത്രമാണ് ഇന്ത്യ ലക്ഷ്യം വച്ചതെന്നും, അതല്ലാതെ മറ്റൊരു കേന്ദ്രങ്ങളും പ്രത്യാക്രമണത്തിൽ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും, ഇത്തരം അപ്രതീക്ഷിത ആക്രമണങ്ങൾ അവസാനിപ്പിക്കാനുമുള്ള ശക്തമായ സന്ദേശമെന്ന നിലയിലാണ് ഇന്ത്യ തിരിച്ചടിച്ചതും. 

അതൃപ്തിയറിയിച്ച് പാകിസ്ഥാൻ

അതിർത്തിയിലെ വെടിവെയ്പിൽ പ്രതിഷേധമറിയിച്ച്, പാകിസ്ഥാൻ രംഗത്തെത്തി. പാകിസ്ഥാനിലെ ഇന്ത്യൻ ഡപ്യൂട്ടി കമ്മീഷണർ ഗൗരവ് അലുവാലിയയെ പാക് വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. അതിർത്തിയിലെ ഇന്ത്യൻ ആക്രമണത്തിലെ അതൃപ്തി അറിയിക്കാനാണ് നടപടി. 

ബാരാമുള്ളയിലും രജൗരിയിലും കഴിഞ്ഞയാഴ്ച പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്. 

സാധാരണക്കാരെ ലക്ഷ്യമിട്ട് ഇത്തരം വെടിവെപ്പ് നടത്തുന്നതിനെതിരെ ഇന്ത്യ പല തവണ പാകിസ്ഥാന് താക്കീത് നൽകിയിരുന്നതാണ്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പിൻവലിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് പ്രകോപനം ശക്തമായതാണ്. 

ജൂലൈയിൽ മാത്രം 296 വെടിനിർത്തൽ കരാർ ലംഘനങ്ങളുണ്ടായെങ്കിൽ ഓഗസ്റ്റ് ആകുമ്പോഴേക്ക് അത് 307 ആയി കൂടി. സെപ്റ്റംബറിൽ അത് 292 ആയി. അതേ മാസം തന്നെ, മോർട്ടാറുൾപ്പടെ വൻ ആയുധങ്ങൾ ഉപയോഗിച്ച് 61 തവണ ആക്രമണങ്ങളുണ്ടായി. 

ഈ വർഷം സെപ്റ്റംബർ വരെ അതിർത്തിയിൽ പാക് വെടിവെപ്പിൽ മരിച്ചത് 21 പേരാണ്.