ഇന്ന് രാത്രി അതിശക്തമായ ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇറാൻ. അബദ്ധ തീരുമാനങ്ങൾ അവസാനമില്ലാത്ത അനിശ്ചിതത്വത്തിലേക്ക് നയിക്കും എന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി 

ടെഹ്റാൻ: ഇന്ന് രാത്രി അതിശക്തമായ ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ. ഇതുവരെ കണ്ട ഇറാൻ ആയിരിക്കില്ല ഇനിയെന്നാണ് മറുപടി. അബദ്ധ തീരുമാനങ്ങൾ അവസാനമില്ലാത്ത അനിശ്ചിതത്വത്തിലേക്ക് നയിക്കും എന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി. നിലവിലെ പശ്ചിമേഷ്യൻ സംഘർഷത്തിൽ ആഗോള ഊർജ്ജ വിപണി തകരുമെന്നും ദീർഘകാല പ്രതിസന്ധികൾ ഉണ്ടാകുമെന്നുമാണ് ഇറാൻ പാർലമെന്റ് സ്പീക്കറുടെ മുന്നറിയിപ്പ്. സോഷ്യൽ മീഡിയയിലാണ് ഗാലിബാഫ് അമേരിക്കയ്ക്ക് ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"തെറ്റായ തന്ത്രങ്ങളും പെട്ടെന്നുള്ള തീരുമാനങ്ങളും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. ഇത് ഊർജ്ജ വിപണിയെയും അടിസ്ഥാന സൗകര്യങ്ങളെയും തകർക്കുകയും വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു വലിയ പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യും. ഇനി നിങ്ങൾ കാണാൻ പോകുന്നത് മറ്റൊരു ഇറാനെ ആയിരിക്കും"- ഗാലിബാഫ് കുറിച്ചു.

ഇറാന്‍റെ എണ്ണവിപണി കീഴടക്കുമെന്ന് ട്രംപ്

അമേരിക്ക ഇന്ന് രാത്രി ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത് ട്രൂത്ത് സോഷ്യലിലൂടെയാണ്. ഇറാന്‍റെ നാവികസേന, വ്യോമസേന, റഡാർ, മറ്റ് പ്രതിരോധ സംവിധാനങ്ങൾ എന്നിവയുടെയെല്ലാം ആക്രമണ ശേഷി ഇതിനകം തന്നെ ഇല്ലാതായി കഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. മാത്രമല്ല ഇറാന്റെ സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപ് വരും ദിവസങ്ങളിൽ അമേരിക്ക പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാന്‍റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഈ തന്ത്രപ്രധാന ദ്വീപ് വഴിയാണ്. വൈകാതെ തന്നെ ഖാർഗ് ദ്വീപും ഇറാന്റെ മറ്റ് എണ്ണ അടിസ്ഥാന സൗകര്യങ്ങളും പിടിച്ചെടുക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി. വെനസ്വേലയിൽ ചെയ്തതുപോലെ ഇറാനിലെ എണ്ണ, വാതക വിപണികളുടെ പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് പറഞ്ഞു. ഈ പരാമർശമാണ് ഇറാനെ പ്രകോപിപ്പിച്ചത്.

അതിനിടെ മേഖലയിലെ സംഘർഷം കാരണം ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാന്‍ അറിയിച്ചു. കപ്പലുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം കപ്പലുകൾക്കും നിരോധനമുണ്ട്. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ കരാർ അമേരിക്ക തുടർച്ചയായി ലംഘിച്ചുവെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രതികരിച്ചു. ഒന്നുകിൽ ഇറാന്‍റെ നിർദേശങ്ങൾ അംഗീകരിക്കുക, അല്ലെങ്കിൽ അവശേഷിക്കുന്ന വിശ്വാസ്യതയും കളഞ്ഞു കുളിക്കുക എന്ന് ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ ഉപദേഷ്ടാവ് മുഹസിന് റിസയും രംഗത്തെത്തി.