ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപിയാനില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലിൽ 9 ഭീകരരെ സുരക്ഷാസേന വധിച്ചു. ഇന്ന് പിഞ്ചോര മേഖലയിൽ നടന്ന  ഏറ്റുമുട്ടലിൽ നാല് ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു.

ഷോപിയാനിലെ റെബാന്‍ മേഖലയിൽ ഞായറാഴ്ച  സുരക്ഷാസേന  നടത്തിയ തെരച്ചിലിനിടെ തീവ്രവാദികൾ വെടിവച്ചതോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ആക്രമണത്തിനെതിരെ സുരക്ഷസേന തിരിച്ചടിച്ചു. ഇതിൽ  അ‍‌ഞ്ച് ഭീകരരെ  വധിച്ചു.  പിന്നാലെയാണ് പിഞ്ചോരാ മേഖലയിൽ ഏറ്റുമുട്ടലുണ്ടായത്. ഇവിടെ കൊല്ലപ്പെട്ട 4  ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. 

ഏറ്റുമുട്ടലിനെ തുടർന്ന് ഷോപിയാന്‍ ജില്ലയിലെ മൊബൈൽ  ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.കനത്ത സുരക്ഷ സന്നാഹമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടുതൽ ഭീകകരർ വിവിധ ഭാഗങ്ങളിൽ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് തെരിച്ചിൽ ശക്തമാക്കി. ഇന്നലെ കൊല്ലപ്പെട്ട ഭീകരരിൽ ഹിസ്ബുൾ കമാൻഡ‌ർ ഫാറൂക്ക് അഹമ്മദ് ഉൾപ്പെട്ടിരുന്നു.  

മേഖലയിൽ തീവ്രവാദപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ഇയാളായിരുന്നുവെന്ന്  പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ പാക്കിസ്താൻ പൗരനാണെന്നും വിവരമുണ്ട്. ഇതിനിടെ കുപ്വാരയിൽ  പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.