ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികന്‍ മ‍ഞ്ഞിടിച്ചിലില്‍ മരിച്ചു. ദ്രാസ് മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം. നാല് പേരടങ്ങിയ ജവാന്‍മാരുടെ സംഘം മഞ്ഞില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം. മഞ്ഞിനടിയില്‍ മറ്റു മൂന്ന് പേരേയും രക്ഷപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ശൈത്യമാണ് ജമ്മു കശ്മീര്‍ മേഖലയില്‍ അനുഭവപ്പെടുന്നത്. മേഖലയിലെ ഗതാഗതസംവിധാനത്തെ മഞ്ഞുവീഴ്ച കാര്യമായി ബാധിച്ചിരുന്നു, 

ചൊവ്വാഴ്ച ജമ്മുകശ്മീരിലുണ്ടായ കനത്ത ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചിരുന്നു. വടക്കന്‍ ജമ്മുകശ്മീരിലെ കുപ്‍വാര ബാരാമുള്ള ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കുപ്‍വാരയില്‍ മച്ചില്‍ സെക്ടറില്‍ വിന്യസിച്ചിരുന്ന സൈനികരാണ് മരിച്ചത്. 

സോന്മാര്‍ഗില്‍ ഉണ്ടായ മഞ്ഞിടിച്ചിലിലാണ് അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടത്. രാത്രി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നാല് നാട്ടുകാരെ രക്ഷപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാസ്പൂരില്‍ ഒന്നില്‍ അധികം തവണ മഞ്ഞിടിച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിലായി ജമ്മുകശ്‍മീരിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയാണ്  റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. കഴിഞ്ഞയാഴ്‍ച ബാരാമുള്ളയില്‍ ഉണ്ടായ മഞ്ഞിടിച്ചില്‍ രണ്ട് സൈനികര്‍ മരിച്ചിരുന്നു.