രാജ്യത്തിനായി നേടിയ ആകെ 39 മെഡലുകളിൽ 16 എണ്ണവും സ്വന്തമാക്കിയത് വെറും 15 പേരടങ്ങുന്ന ആർമി കായിക സംഘമാണ്. ഇന്ത്യ നേടിയ ആകെ 13 സ്വർണമെഡലുകളിൽ എട്ടും സൈനിക താരങ്ങളുടെ വകയായിരുന്നു.
ദില്ലി: ഗ്ലാസ്ഗോയിൽ സമാപിച്ച കോമൺവെൽത്ത് ഗെയിംസ് 2026ൽ ഇന്ത്യക്കായി ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ കരസേനയുടെ കായിക താരങ്ങൾ. രാജ്യത്തിനായി നേടിയ ആകെ 39 മെഡലുകളിൽ 16 എണ്ണവും സ്വന്തമാക്കിയത് വെറും 15 പേരടങ്ങുന്ന ആർമി കായിക സംഘമാണ്. ഇന്ത്യ നേടിയ ആകെ 13 സ്വർണമെഡലുകളിൽ എട്ടും സൈനിക താരങ്ങളുടെ വകയായിരുന്നു. കൂടാതെ ഏഴ് വെള്ളിയും ഒരു വെങ്കലവും ഇവർ സ്വന്തമാക്കി. ബോക്സിങ്, ജുഡോ, അത്‌ലറ്റിക്സ്, പാരാ-അത്‌ലറ്റിക്സ്, ഭാരോദ്വഹനം തുടങ്ങിയ വിവിധ ഇനങ്ങളിലാണ് ഈ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചത്. ബോക്സിങ്ങിൽ മാത്രം ആറ് സ്വർണവും രണ്ട് വെള്ളിയും ആർമി താരങ്ങൾ വാരിക്കൂട്ടി. പുരുഷന്മാരുടെ 60 കിലോ ജുഡോയിൽ സ്വർണം നേടിയ ഹവിൽദാർ ഹർഷ് സിങ്, കോമൺവെൽത്ത് ഗെയിംസിൽ ജുഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി.
സൈനിക താരങ്ങളുടെ ഈ ചരിത്രനേട്ടത്തെ ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ ധീരജ് സേത്ത് പ്രത്യേകമായി അഭിനന്ദിച്ചു. കായിക മികവ് ഇന്ത്യൻ ആർമിയുടെ അച്ചടക്കത്തിന്റെയും മികവിന്റെയും ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 10,000 മീറ്ററിൽ വെള്ളിയും 5,000 മീറ്ററിൽ വെങ്കലവും നേടിയ നൈബ് സുബേദാർ ഗുൽവീർ സിങ്, ഒരേ കോമൺവെൽത്ത് ഗെയിംസിൽ രണ്ട് വ്യക്തിഗത മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് താരമായി മാറി. ജാവലിൻ ത്രോയിൽ ലെഫ്റ്റനന്റ് കേണൽ (ഓണററി) നീരജ് ചോപ്രയും രാജ്യത്തിനായി വെള്ളി മെഡൽ നേടി. ഗെയിംസിന് ശേഷം മെഡൽ ജേതാക്കളായ താരങ്ങൾ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രാജ്യത്തിന്റെ കായിക ചരിത്രത്തിലും ഇന്ത്യൻ ആർമിയുടെ അഭിമാനത്തിലും താരങ്ങൾ നൽകിയ വിലയേറിയ സംഭാവനകളെ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് അഭിനന്ദിച്ചു.


