ലഡാക്ക്: ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷവും, അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നീക്കങ്ങളും മുന്നില്‍ കണ്ട് രാജ്യത്തിന്‍റെ വടക്കന്‍ അതിര്‍ത്തിയില്‍ വലിയ സൈനിക വിന്യാസം തന്നെ ഇന്ത്യ നടത്തുന്നതായി റിപ്പോര്‍ട്ട്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷ സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ നീക്കം എന്നാണ് ന്യൂസബിള്‍ റിപ്പോര്‍ട്ട് പറയുന്നത്.

സൈന്യത്തിന്‍റെ ഈ മേഖലയിലെ വിന്യാസത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളോടെയാണ് പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന കരസേന മേധാവി മനോജ് മുകുന്ദ് നരവനെയുടെ വാര്‍ഷിക വാര്‍ത്ത സമ്മേളനത്തില്‍ പുതിയ നീക്കങ്ങള്‍ സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. 

പാക്കിസ്ഥാനും ചൈനയും ചേർന്ന് രാജ്യത്തിന് ശക്തമായ ഭീഷണി സൃഷ്ടിക്കുന്നതായി കരസേന മേധാവി മനോജ് മുകുന്ദ് നരവനെ പറഞ്ഞു. ആ കൂട്ടായ ഭീഷണി ഒഴിവാക്കാനാവില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്ഥാൻ തുടരുകയാണ്. ഭീകരവാദത്തെ ഇന്ത്യ ശക്തമായി എതിർക്കും. കൃത്യസമയത്ത് കൃത്യതയോടെ പ്രതികരിക്കാൻ ഇന്ത്യയ്ക്ക് കഴിയും. ആ സന്ദേശം  നൽകി കഴിഞ്ഞു. ഏതു സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും നരവനെ വ്യക്തമാക്കി. 

ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഉയരുന്ന ഭീഷണികള്‍ പരിഗണിച്ച് തന്നെയാണ് വടക്കന്‍ അതിര്‍ത്തിയില്‍ മഞ്ഞുകാലത്തെ സൈന്യത്തിന്‍റെ വിന്യാസത്തിന് ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലുണ്ടായ സംഭവങ്ങള്‍ ഈ പ്രദേശത്ത് അടിസ്ഥാനപരമായി തന്നെ നമ്മുടെ ശേഷിയും ശക്തിയും വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്- കരസേന മേധാവി മനോജ് മുകുന്ദ് നരവനെ വ്യക്തമാക്കി.

ഇതിനൊപ്പം തന്നെ ലഡാക്കിലെ അനുഭവത്തിന്‍റെ ഫലത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ പോരട്ടത്തിന് സജ്ജാമായ ഇന്ത്യയുടെ മൌണ്ടന്‍ സ്ട്രൈക്ക് ഫോര്‍സിന്‍റെ ഘടനയില്‍ തന്നെ കാര്യമായ മാറ്റം വരുത്താന്‍ സൈന്യം തയ്യാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രകാരം മൌണ്ടെന്‍ സ്ട്രൈക്ക് ഫോര്‍സിനെ ഇന്‍റഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പുകളാക്കി മാറ്റും. ഒരോ ബാറ്റില്‍ ഗ്രൂപ്പിനും ഒരോ മേജര്‍ ജനറല്‍ നയിക്കും. വടക്കന്‍ അതിര്‍ത്തിയില്‍ 10,000 മുതല്‍ 15,000 പേര്‍ വരെ ഉള്‍പ്പെടുന്ന ബ്രിഗേഡിന് പകരം 4,000-5000 പേര്‍ ഉള്‍പ്പെടുന്ന ഇന്‍റഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പുകളെ വിന്യസിക്കാനാണ് നീക്കം. ഇത്തരത്തില്‍ 12-13 ഐബിജികളാണ് സൈന്യം ആലോചിക്കുന്നത്.

അതിവേഗത്തില്‍ യുദ്ധത്തിന് തയ്യാറാകാന്‍ കഴിയുന്ന തരത്തിലാണ് ഇന്‍റഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പുകളെ സജ്ജമാക്കുന്നത്. 2019ലെ സൈന്യത്തിന്‍റെ പരിശീലന പരിപാടിയായ ഹിം വിജയില്‍  ഇന്‍റഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പുകളായാണ് സൈന്യം പങ്കെടുത്തത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്കിലും മറ്റും ഈ രീതി വളരെ ഉപകാരപ്രഥമാണ് എന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.