മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ ക്വാറന്റീന്‍ സെന്ററില്‍ നിന്ന് ജയിലിലേക്ക് മാറ്റി. നവി മുംബൈയിലെ തലോജ ജയിലിലേക്കാണ് അര്‍ണബിനെ മാറ്റിയത്. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ക്വാറന്റീന്‍ സെന്ററില്‍ വച്ച് അനധികൃതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതോടെയാണ് അര്‍ണബിനെ ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ജയില്‍ പുള്ളികള്‍ക്കായുള്ള ക്വാറന്റീന്‍ സെന്ററായ  ആലിബാഗിലെ മുന്‍സിപ്പല്‍ സ്‌കൂളിലായിരുന്നു അര്‍ണബിനെ താമസിപ്പിച്ചിരുന്നത്. 

''മറ്റാരുടെയോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അര്‍ണബ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണെന്ന് വെള്ളിയാഴ്ചരാത്രിയോടെ മനസ്സിലായി. ബുധനാഴ്ച അറസ്റ്റ് ചെയ്തതോടൊപ്പം തന്നെ അര്‍ണബിന്റെ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ക്വാറന്റീന്‍ സെന്ററില്‍ അര്‍ണബിനെ എങ്ങനെ മൊബൈല്‍ ഫോണ്‍ ലഭിച്ചുവെന്നതില്‍ ആലിബാഗ് ജയില്‍ സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്'' - അന്വേഷണ ഉദ്യോഗസ്ഥന്‍ ജാമില്‍ ഷെയ്ഖ് റായ്ഖഡ് പറഞ്ഞു. 

''എന്റെ ജീവിതം അപകടത്തിലാണ്. കോടതിയില്‍ ഇത് അറിയിക്കൂ'' - എന്നാണ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ വാനില്‍ വച്ച് അര്‍ണബ് വിളിച്ചുപറഞ്ഞത്. ഇന്റീരിയര്‍ ഡിസൈനറുടെയും അമ്മയുടെയും ആത്മഹത്യ കേസില്‍മൂന്ന് പ്രതികളിലൊരാളാണ് അര്‍ണബ്.