സീലിങ്ങ് മുട്ടുന്ന ഫ്രഞ്ച് ജനാലകൾ, യൂറോപ്യൻ ക്ളോസറ്റ്, 24X7 വെള്ളം വരുന്ന ഷവർ, വെള്ളച്ചായം പൂശിയ വൃത്തിയുള്ള ചുവരുകൾ, ഫാൻ, ലൈറ്റ്, കുഷ്യൻ വിരിച്ച  മെത്ത -  ഇത് ഏതോ പോഷ് സ്റ്റുഡിയോ അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് ചോദിച്ചു വരുന്നവരുടെ പരസ്യമാണെന്നു കരുതിയോ ? എങ്കിൽ തെറ്റി...!  നീരവ് മോദിയും, വിജയ് മല്യയും എങ്ങാനും  ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടാൽ അവരെ പാർപ്പിക്കാൻ കണ്ടുവെച്ചിരിക്കുന്ന ആർതർ റോഡ് ജയിലിൽ അവർക്ക് നൽകണം എന്നാവശ്യപ്പെട്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് മേല്പറഞ്ഞവ. 

 ബുധനാഴ്ച നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാം വട്ടവും യുകെ ഹൈക്കോടതി തള്ളി എന്ന വാർത്തയറിഞ്ഞപ്പോൾ, മുംബൈ ആർതർ റോഡ് ജയിലിലെ ഫുള്ളി എക്വിപ്പ്ഡ് ജയിൽ സെൽ ഒരുവട്ടം കൂടി പോയി പരിശോധിച്ചിട്ടുവന്നു ജയിലധികാരികൾ. ഏതുസമയം വേണമെങ്കിലും തങ്ങളുടെ വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ തയ്യാറാവണം എന്നാണ് അവർക്ക് കിട്ടിയിരിക്കുന്ന നിർദേശം. 

 പഞ്ചാബ് നാഷണൽ ബാങ്കിന് 14,000 കോടി രൂപയുടെ ബാധ്യതകൾ വരുത്തിവെച്ച് നാടുവിട്ടു എന്നതാണ് നീരവ് മോദിയുടെ പേരിൽ ചാർത്തപ്പെട്ടിരിക്കുന്ന കുറ്റം. കഴിഞ്ഞ മാർച്ചിൽ ലണ്ടൻ പോലീസിന്റെ പിടിയിലായ ശേഷം അവിടത്തെ വാണ്ട്സ്‌ വർത്ത് ജയിലിൽ ആണ് മോദിയുടെ വാസം. അദ്ദേഹത്തെ വിചാരണയ്ക്കായി ഒന്ന് ഇന്ത്യൻ മണ്ണിലെത്തിച്ചുകിട്ടാൻ വേണ്ടിയുള്ള നയതന്ത്ര ശ്രമങ്ങൾ കഴിഞ്ഞ ഒരു വർഷമായി തുടരുകയായിരുന്നു ഇന്ത്യ.

 ആർതർ റോഡിലെ പന്ത്രണ്ടാം ബാരക്കിലെ രണ്ടാം നമ്പർ സെല്ലാണ് ഇത്തരത്തിൽ വിഐപി അതിഥിയെ പാർപ്പിക്കാൻ വേണ്ടി 'മേക്ക് ഓവറി'ന് വിധേയമാക്കപ്പെട്ടിരിക്കുന്നത്. ഐജി പ്രിസൺസ് ദീപക് പാണ്ഡെ നേരിട്ടുവന്നാണ് ഇതിൽ സൗകര്യങ്ങൾ പരിശോധിച്ചുറപ്പിച്ചത്. മുംബൈയിലെ പോഷ് ഏരിയകളിൽ കാണുന്ന ഏതൊരു സ്റ്റുഡിയോ അപ്പാർട്ട്മെന്റിലും കണ്ടിട്ടുള്ള എല്ലാ സൗകര്യങ്ങളും നിങ്ങൾക്ക് ഈ രണ്ടാം നമ്പർ സെല്ലിലും പ്രതീക്ഷിക്കാം.


 
ബാരക്ക് നമ്പർ 12 ഈയടുത്താണ് പുതുക്കിപ്പണിഞ്ഞത്. വിചാരണത്തടവുകാരെ പാർപ്പിക്കാൻ വേണ്ടി മാത്രമാണ് ആർതർ റോഡ് ജയിൽ എന്ന  അതീവസുരക്ഷാ ജയിലിലെ ഈ ബാരക്ക് ഉപയോഗിച്ചുവരുന്നത്.  ജയിലിന്റെ മെയിൻ ബ്ലോക്കിൽ നിന്നും അല്പം മാറി, ഏറെ സുരക്ഷാ ക്രമീകരണങ്ങൾക്ക് നടുവിലായാണ് ഈ ബാരക്ക് സ്ഥിതിചെയ്യുന്നത്. 
 
ഈ ഇരു നിലക്കെട്ടിടത്തിന്റെ ഓരോ നിലയിലും രണ്ടു സെല്ലുകൾ വീതമാണുള്ളത്. മുകളിലത്തെ നിലയിലാണ് രണ്ടാം നമ്പർ സെൽ. ഷീനാ ബോറ വധക്കേസിലെ കുറ്റാരോപിതനായ പീറർ മുഖർജിയ കഴിയുന്നത് താഴത്തെ നിലയിലെ ഒരു സെല്ലിലാണ്. മുംബൈ ഭീകരാക്രമണ കേസിന്റെ സൂത്രധാരകൻ  അബു ജുണ്ടലിനെ ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുന്നതും ഒന്നാം നിലയിലെ ഒരു സെല്ലിലാണ്. 

ഒരു സെല്ലിൽ മൂന്നു തടവുപുള്ളികൾ എന്നാണ് ജയിലിലെ കണക്ക്. എന്നാലും, നീരവ് മോദിയും, വിജയ് മല്യയും മാത്രമാവും രണ്ടാം നമ്പർ സെൽ പങ്കുവെക്കുക എന്ന് കരുതുന്നു.  ജയിലിനുള്ളിൽ എല്ലായിടത്തും സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അത് നിരീക്ഷണത്തിനു പുറമെ വീഡിയോ കോൺഫറൻസിങ്ങിനു കൂടി ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വിധത്തിലുള്ളതാണ്. 
 
നീരവ് മോദിയെ എങ്ങാനും ആർതർ റോഡ് ജയിലിലെ ഈ രണ്ടാം നമ്പർ സെല്ലിൽ പാർപ്പിക്കേണ്ടി വന്നാൽ ഭക്ഷണം വീട്ടിൽ നിന്നും കൊണ്ടുവരാൻ സമ്മതിക്കുമോ അതോ ജയിൽ ഭക്ഷണം തന്നെ കഴിക്കേണ്ടി വരുമോ എന്നത് അപ്പോൾ ആലോചിച്ചു തീരുമാനിക്കും എന്നും ജയിലധികൃതർ പറഞ്ഞു.