ന്ത്യയിലെ മറ്റനേകം രാഷ്ട്രീയ നേതാക്കളെ പോലെ അടിയന്തിരാവസ്ഥയാണ് അരുണ്‍ ജെയ്റ്റ്‌ലിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകനും അടിത്തറ പാകിയത്. 1975 ജൂണ്‍ 25ന് ദില്ലി നരെയ്‌ന വിഹാറിലെ വീട്ടിലെത്തിയ പൊലീസുകാരനില്‍ നിന്നാണ് ജെയ്റ്റ്‌ലിയുടെ അടിയന്തിരാവസ്ഥാ ഓര്‍മ്മകള്‍ ആരംഭിക്കുന്നത്. അക്കാലത്ത് എബിവിപിയുടെ യൂത്ത് കമ്മിറ്റി കണ്‍വീനറും ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റുമായിരുന്നു ജെയ്റ്റ്ലി.

പൊലീസുകാരന്‍ മുറ്റത്തുനിന്ന് അച്ഛനുമായി സംസാരിക്കുന്നതുകണ്ട അദ്ദേഹം അപകടം മണത്തു. പിന്നിലെ ഗേറ്റ് വഴി അതിവേഗം രക്ഷപെട്ടു. എന്നാല്‍ പിറ്റേന്നുതന്നെ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഒരു വിദ്യാര്‍ഥി പ്രതിഷേധം നടന്നു. മുന്നൂറോളം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കുമ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടെന്ന വിവരം തനിക്കറിയില്ലായിരുന്നുവെന്ന് ജെയ്റ്റ്‌ലി പിന്നീട് പറഞ്ഞിട്ടുണ്ട്.

പിന്നീടാണ് പൊലീസുകാര്‍ വ്യാപക അറസ്റ്റുകള്‍ ആരംഭിക്കുന്നത്. അറസ്റ്റിലായവരുടെ കൂട്ടത്തില്‍ വിദ്യാര്‍ഥികളായ മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊപ്പം ജെയ്റ്റ്‌ലിയുമുണ്ടായിരുന്നു. അംബാലയിലും തിഹാറിലുമായി 19 മാസം അദ്ദേഹം ജയില്‍ജീവിതം നയിച്ചു. അക്കാലമാണ് അദ്ദേഹത്തിലെ രാഷ്ട്രീയ നേതാവിനെ വാര്‍ത്തെടുക്കുന്നത്.

കോളേജ് വിദ്യാഭ്യാസ കാലത്ത് അരുണ്‍ ജെയ്റ്റ്ലി സുഹൃത്തുക്കളൊപ്പം(വലത്തുനിന്ന് ഒന്നാമത്)

'ജയില്‍ എന്നത് ഒരു മാനസികാവസ്ഥയാണ്. മോചനത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഏറെ ആകുലതയുണ്ടെങ്കില്‍ ശാരീരികമായും മാനസികമായും നിങ്ങള്‍ തളര്‍ന്നുപോകും. പക്ഷേ പ്രതിഷേധത്തിന്‍റെ മാനസികാവസ്ഥയിലാണെങ്കില്‍ ജയില്‍ മറ്റൊരു തലത്തിലാണ് നിങ്ങളില്‍ പ്രവര്‍ത്തിക്കുക. ഞാന്‍ അക്കാലത്ത് ഏറെ വായിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ക്കൊപ്പം വോളിബോളും ബാഡ്മിന്റണും കളിച്ചു. ഒരുമിച്ച് ഭക്ഷണം കഴിച്ചും ബന്ധങ്ങളുണ്ടാക്കിയും ഒരു ഹോസ്റ്റല്‍ പോലെയായിരുന്നു എന്‍റെ ജയില്‍ ജീവിതം', ജെയ്റ്റ്‌ലി പില്‍ക്കാലത്ത് അക്കാലത്തെ ഇപ്രകാരം ഓര്‍ത്തെടുത്തു.

ജനതാ പാര്‍ട്ടി രൂപീകൃതമായ 1977 ജനുവരിയിലാണ് ജെയ്റ്റ്‌ലി ജയില്‍ മോചിതനാകുന്നത്. പുറത്തിറങ്ങിയ ഉടന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് നിയോഗിക്കപ്പെട്ടു. വിദ്യാര്‍ഥി നേതാവ് എന്ന നിലയില്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച ജെയ്റ്റ്‌ലി അക്കാലത്തെ പ്രമുഖ രാഷ്ടീയ നേതാക്കളുമായെല്ലാം സംവദിച്ചു. ലാലു പ്രസാദ് യാദവ്, ശരത് യാദവ്, നിതീഷ് കുമാര്‍, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, പ്രകാശ് സിംഗ് ബാദല്‍, ആചാര്യ കൃപലാനി, ജോര്‍ജ് ഫെര്‍ണാണ്ടസ്, എല്‍ കെ അദ്വാനി, അടല്‍ബിഹാരി വാജ്‌പേയി എന്നിവരുമായൊക്കെ അദ്ദേഹം അക്കാലത്തെ രാഷ്ട്രീയം സംസാരിച്ചു. വ്യക്തിബന്ധങ്ങള്‍ സമ്പാദിച്ചു. 

മോറാര്‍ജി ദേശായിയോടൊപ്പം 

കോണ്‍ഗ്രസ് പാര്‍ട്ടി പരാജയം രുചിച്ച പൊതുതെരഞ്ഞെടുപ്പിന് ശേഷം ജെയ്റ്റ്‌ലിയുടെ രാഷ്ട്രീയ ജീവിതം മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു. ലോക് താന്ത്രിക് യുവമോര്‍ച്ചയുടെ കണ്‍വീനര്‍ എന്ന നിലയില്‍ നിന്നും എബിവിപി ദില്ലി ഘടകത്തിന്‍റെ പ്രസിഡന്‍റായും സംഘടനയുടെ അഖിലേന്ത്യ സെക്രട്ടറിയുമായൊക്കെ അദ്ദേഹം നിയോഗിക്കപ്പെട്ടു. 1980ല്‍ ലഭിച്ച യുവഘടകത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനമാണ് ബിജെപിയിലെ ആദ്യ ചുമതല. 1999ല്‍ വാജ്‌പേയി സര്‍ക്കാരിന്‍റെ വാര്‍ത്താവിതരണ വകുപ്പില്‍ ആദ്യമായി സഹമന്ത്രി സ്ഥാനത്തെത്തി.

ഏറ്റവുമൊടുവില്‍ കഴിഞ്ഞ മോദി സര്‍ക്കാരിലെ ധനമന്ത്രി സ്ഥാനം വരെ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളിലൊക്കെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ രാഷ്ട്രീയ നേതാവായിരുന്നു ജെയ്റ്റ്‌ലി. ബിജെപിയുടെ ബൗദ്ധിക മുഖമായിരുന്നു അരുണ്‍ ജെയ്റ്റ്ലി. രാഷ്ട്രീയ എതിരാളികള്‍ പോലും അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് വില കല്‍പ്പിച്ചിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം