അരുണാചൽ പ്രദേശിൽ സിയാങ് അണക്കെട്ടിനെതിരെ നടക്കുന്ന ജനകീയ പ്രതിഷേധം അക്രമാസക്തമായി.
സിയാങ്: അരുണാചൽ പ്രദേശിൽ സിയാങ് അണക്കെട്ടിനെതിരെ നടക്കുന്ന ജനകീയ പ്രതിഷേധം അക്രമാസക്തമായി. ഈസ്റ്റ് സിയാങ് ജില്ലയിലെ പസീഘട്ടിൽ പ്രവർത്തിക്കുന്ന എൻഎച്ച്പിസി ഓഫീസിനും പസീഘട്ട് പോലീസ് സ്റ്റേഷനും പ്രതിഷേധക്കാർ തീയിട്ടു. ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ എംഎൽഎയുമായ കലിംഗ് മോയോങ്, എംഎൽഎ ഓനി പന്യാങ് എന്നിവരുടെ വസതികളും പ്രതിഷേധക്കാർ ആക്രമിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
പ്രതിഷേധക്കാരുടെ കല്ലേറിലും സംഘർഷത്തിലും ഡെപ്യൂട്ടി എസ്പി ഉൾപ്പെടെ 40-ലധികം പൊലീസുകാർക്കും കേന്ദ്ര സുരക്ഷാ സേനാംഗങ്ങൾക്കും പരിക്കേറ്റു. നിരവധി പോലീസ് വാഹനങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തമാക്കാൻ പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളെ അപലപിച്ച മുഖ്യമന്ത്രി പേമ ഖണ്ഡു, പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചു.







