ദില്ലി: രാജ്യത്ത് ഉള്ളിവില കുതിക്കുമ്പോള്‍ ജനങ്ങള്‍ക്ക് സാന്ത്വനമേകുന്ന പ്രഖ്യാപനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ദില്ലിയില്‍ കിലോയ്ക്ക് 23.90 രൂപ നിരക്കില്‍ ഉള്ളി വില്‍ക്കുമെന്നാണ് കേജ്‍രിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈല്‍ വാനുകളിലൂടെയും റേഷന്‍ കടകളിലൂടെയും 23.90 രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

രാജ്യത്ത് ഉള്ളി 60-80 രൂപ എന്ന നിരക്കില്‍ കുതിക്കുമ്പോഴാണ് 23.90 രൂപ നിരക്കില്‍ ദില്ലിയില്‍ ഉള്ളി നല്‍കുന്നത്. ഒരാള്‍ക്ക് അഞ്ച് കിലോ ഉള്ളിയാകും ഈ നിരക്കില്‍ വാങ്ങാനാവുക. അടുത്ത അഞ്ച് ദിവസം നിരക്ക് ഇങ്ങനെയാകുമെന്നും അദ്ദേഹം പറഞ്ഞു. ഉള്ളിക്ക് പിന്നാലെ തക്കാളി വിലയും കുതിച്ച് കയറുകയാണ്.

ലഭ്യതക്കുറവ് ഏറിയതോടെയാണ് രാജ്യമെമ്പാടും തക്കാളി വിലയിലും വര്‍ധന. ദില്ലില്‍യില്‍ മാത്രം കഴിഞ്ഞ ഏതാനും ആഴ്ചകളായി തക്കാളി വിലയിലുണ്ടായത് 70 ശതമാനം വര്‍ധനയാണ്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ വടക്കന്‍ മേഖലകളിലുണ്ടായ കനത്തമഴയാണ് തക്കാളി ലഭ്യത കുറയ്ക്കാന്‍ കാരണമായത്.