ഹിറ്റലറിന്‍റെ അതേ വഴിയിലാണ് മോദിയും എന്നാല്‍ രാജ്യം ഏത് വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് മോദി ഭക്തര്‍ മനസിലാക്കുന്നില്ലെന്നും കെജ്രിവാള്‍ കുറിച്ചു. 


ദില്ലി: ഹോളി ദിവസം ക്രിക്കറ്റ് കളിച്ച മുസ്ലീം കുടുംബം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രധാനമന്ത്രിയെ അഡോള്‍ഫ് ഹിറ്റ്ലറിനോടാണ് കെജ്രിവാള്‍ ഉപമിച്ചത്. ക്രിക്കറ്റ് കളിച്ച കുടുംബത്തെ നാല്‍പ്പതോളം ഗുണ്ടകള്‍ ചേര്‍ന്നാണ് ആക്രമിച്ചത്. അധികാരത്തിന് വേണ്ടി ഹിറ്റ്ലറും ഇങ്ങനെ ചെയ്തിരുന്നു. 

ആളുകളെ ഹിറ്റ്ലറുടെ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അധികാരത്തിന് വേണ്ടിയാണ് മോദിയും ഇങ്ങനെ ചെയ്യുന്നത്. ഹിറ്റലറിന്‍റെ അതേ വഴിയിലാണ് മോദിയും എന്നാല്‍ രാജ്യം ഏത് വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് മോദി ഭക്തര്‍ മനസിലാക്കുന്നില്ലെന്നും കെജ്രിവാള്‍ കുറിച്ചു.

സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമിക്കപ്പെട്ടവരില്‍ ഒരാളുടെ പേര് ഷാഹിദ് എന്നാണ്. ഹോളി ദിനത്തില്‍ വൈകിട്ട് ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഗുണ്ടകളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ഇവരെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ ഷാഹിദിന്‍റെ ബോധം പോകുന്നത് വരെ മര്‍ദ്ദിക്കുകയായിരുന്നു. പൊലീസുമായി ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും പൊലീസ് രക്ഷിക്കാനെത്തിയില്ലെന്ന് ഷാഹിദിന്‍റെ പിതാവ് പറഞ്ഞു.