ദില്ലി: കൊവിഡ് ബാധിച്ച് മരിച്ച യുവ ഡോക്ടർ ജോഗീന്ദർ ചൗധരി(27)യുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകി ദില്ലി സർക്കാർ. തിങ്കളാഴ്ച ഒരു കോടിയുടെ ചെക്ക് ജോഗീന്ദറിന്റെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കൈമാറി. ഡോ. ബാബ സാഹേബ്​ അംബേദ്​കർ ആശുപത്രിയിൽ ഡോക്​ടറായ ഇദ്ദേഹം കഴിഞ്ഞ മാസം 27നാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

"സ്വന്തം ജീവൻ പണയം വച്ചാണ് ഡോ. ജോഗീന്ദർ ചൗധരി രോഗികളെ സേവിച്ചത്. കൊറോണ വൈറസ് അണുബാധയെത്തുടർന്ന് ഡോ. ചൗധരി അടുത്തിടെയാണ് മരിച്ചത്. ഞാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സാമ്പത്തിക സഹായമായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. സാധ്യമായ എല്ലാ സഹായവും കുടുംബത്തിന് ചെയ്ത് കൊടുക്കും" കെജ്രിവാൾ ട്വീറ്റ് ചെയ്തു.

കൊവിഡ് രോ​ഗികളെ ചികിത്സിച്ചിരുന്ന ജോഗീന്ദറിന് ജൂൺ 27നാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന്​, ഇദ്ദേഹത്തെ ആദ്യം ലോക്​ നായക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്​ ആരോഗ്യനില മോശമായതിനെ തുടർന്ന്​ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മധ്യപ്രദേശിലെ സിംഗ്രോളി സ്വദേശിയായ ജോഗീന്ദർ ചൗധരി കഴിഞ്ഞ നവംബറിലാണ് അംബേദ്കർ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ചേർന്നത്.

Read Also: മഹാമാരിയ്‌ക്കെതിരെ മുൻ നിരയിൽ നിന്ന് പോരാടി; ഒടുവിൽ കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു