പത്തിലധികം വാഹനങ്ങൾ അകമ്പടിയായാണ് അരവിന്ദ് കെജ്രിവാളുമായുള്ള വാഹനം ഇഡി ഓഫീസിലേക്ക് പോയത്
ദില്ലി : മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ അടിയന്തിര വാദമില്ല. അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രീം കോടതി തള്ളി. നാളെ കേസ് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. പ്രത്യേക ബെഞ്ച് കേസ് പരിഗണിക്കില്ലെന്നാണ് വിവരം. നാളെ കേസ് ലിസ്റ്റ് ചെയ്യും. അറസ്റ്റ് രേഖപ്പെടുത്തിയ ഇഡി സംഘം അരവിന്ദ് കെജ്രിവാളുമായി ഇഡി ഓഫീസിലേക്ക് പോയി. പത്തിലധികം വാഹനങ്ങൾ അകമ്പടിയായാണ് അരവിന്ദ് കെജ്രിവാളുമായുള്ള വാഹനം ഇഡി ഓഫീസിലേക്ക് പോയത്. ഇന്ത്യ സഖ്യത്തിന് അനുകൂല മുദ്രാവാക്യം വിളിച്ചു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
കെജ്രിവാളിന്റെ അറസ്റ്റിൽ ഇന്ത്യ സഖ്യം നേതാക്കളുമായി യോജിച്ചു പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ദില്ലി മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. ഇന്ത്യ സഖ്യം നേതാക്കളുമായി സംസാരിച്ചുവെന്നും അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചുവെന്നും പറഞ്ഞ അദ്ദേഹം, കോടതിയിൽ പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി. അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ കോടതിയെ അറിയിച്ചതാണ്. ബാക്കി പ്രതിപക്ഷ നേതാക്കളെയും വൈകാതെ അറസ്റ്റ് ചെയ്യും. ചെറിയ പാർട്ടി എന്ന് എഎപിയെ അമിത് ഷാ കളിയാക്കിയതാണ്. എന്നിട്ടും എന്തിനാണ് ഈ പാർട്ടിയുടെ 4 പ്രധാന നേതാക്കളെ ജയിലിൽ അടച്ചതെന്ന് ചോദിച്ച അദ്ദേഹം ജനം നോക്കി ഇരിക്കില്ലെന്നും തുടർ പ്രതിഷേധം നേതാക്കളുമായി കൂടി ആലോചിച്ച ശേഷം നടത്തുമെന്നും പറഞ്ഞു.
