ദില്ലി: പൗരത്വ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത്  ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെ  സൗജന്യ വൈഫൈ പദ്ധതി ഉദ്ഘാടനം ചെയ്ത് അരവിന്ദ് കെജ്രിവാൾ.  അനിഷ്ട സംഭവങ്ങള്‍ തടയാന്‍ തലസ്ഥാനത്ത് പലയിടങ്ങളിലും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയ ദിവസമാണ് കെജ്രിവാള്‍ സൗജന്യ വൈഫൈ ഉദ്ഘാടനം ചെയ്തത്.

പദ്ധതി ഉദ്ഘാടനത്തിന് കെജ്രിവാൾ തെരഞ്ഞെടുത്തത് വളരെ മോശം ദിവസമാണെന്നാണ് വിമര്‍ശനം. ദില്ലിയിൽ പലയിടങ്ങളിലും ഇന്റർനെറ്റ് സംവിധാനം നിർത്തിവച്ചിരിക്കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ഇത്തരമൊരു നിയന്ത്രണം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉദ്ഘാടനം നേരത്തെ തീരുമാനിച്ചതാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി അനാവശ്യമാണെന്നും എഴുപത് ശതമാനം ജനങ്ങളും തങ്ങളുടെ പൗരത്വം തെളിയിക്കാൻ രേഖകളൊന്നുമില്ലാത്തതിനാൽ ആശങ്കാകുലരാണെന്നും  കെജ്രിവാൾ ഉദ്ഘാടന വേളയില്‍ പറഞ്ഞു. യുവജനങ്ങൾക്ക് തൊഴിൽ നൽകുന്ന കാര്യത്തിലാണ് കേന്ദ്ര സർക്കാർ ശ്രദ്ധ ചെലുത്തേണ്ടതെന്നും കെജ്രിവാള്‍ പറഞ്ഞു. 

സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനായി രാജ്യതലസ്ഥാനത്തെ പ്രാധാന നഗരങ്ങളില്‍, വരുന്ന ആറ് മാസത്തിനുള്ളില്‍ 11000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ഡിസംബർ ആദ്യവാരത്തിൽ കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു.

ഓരോ ആഴ്ചയും 500 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അതിന്റെ ആദ്യപടിയായിട്ടാണ് സൗജന്യ വൈഫൈ സംവിധാനം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ദില്ലിയിലെ റോഡുകള്‍ അന്താരാഷ്ട്രതലത്തിലേക്ക് മാറ്റുമെന്നതിനായി 400 കോടിയുടെ പദ്ധതിക്കും കെജ്രിവാള്‍ ലക്ഷ്യമിടുന്നുണ്ട്.