ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പുലിവാല് പിടിച്ച് എഎപി നേതാവ് അരവിന്ദ് കെജ്‍രിവാള്‍. വോട്ടുചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ പുരുഷ സുഹൃത്തില്‍ നിന്ന് ഉപദേശം തേടണമെന്ന കെജ്‍രിവാളിന്‍റെ ട്വീറ്റാണ് വിവാദമായത്. കെജ്‍രിവാളിന്‍റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവര്‍ രംഗത്തെത്തി. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് സ്വയം തീരുമാനിക്കാന്‍ സ്ത്രീക്ക് കഴിവുള്ളതായി നിങ്ങള്‍ കരുതുന്നില്ലേ എന്ന് കെജ്‍രിവാളിന്‍റെ പ്രസ്താവനക്ക് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. കെജ്‍രിവാള്‍ സ്ത്രീ വിരോധിയാണെന്നും സ്ത്രീകളെ അധിക്ഷേപിച്ചെന്നും സ്മൃതി ഇറാനി ആരോപിച്ചു. 

പിന്നീട് സ്മൃതി ഇറാനിക്ക് മറുപടിയുമായി കെജ്‍രിവാളും രംഗത്തെത്തി. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സ്ത്രീകള്‍ക്കറിയാമെന്നും ഇപ്പോള്‍ കുടുംബ വോട്ട് ആര്‍ക്കാണ് ചെയ്യേണ്ടതെന്ന് സ്ത്രീകളാണ് തീരുമാനിക്കുന്നതെന്നും കെജ്‍രിവാള്‍ തിരിച്ചടിച്ചു. കെജ്‍രിവാളിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് സ്ത്രീകള്‍ക്ക് അറിയാമെന്നും ഇത്തരം പുരുഷാധിപത്യത്തിനെതിരെയാണ് വോട്ട് ചെയ്യേണ്ടതെന്നും ആള്‍ ഇന്ത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്‍റ് സുസ്മിത ദേവ് പ്രതികരിച്ചു.