ദില്ലി: വാമന ജയന്തി ആശംസിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം. ഫേസ്‌ബുക്കിലും ട്വിറ്ററിലും പങ്കുവച്ച പോസ്റ്റിലാണ് കെജ്‍രിവാൾ മലയാളികള്‍ക്ക് വാമന ജയന്തി ആശംസ നേർന്നത്. കഴിഞ്ഞ 29-ാം തീയതിയായിരുന്നു കെജ്‍രിവാളിന്‍റെ ആശംസ. ഇതിന് രൂക്ഷ വിമര്‍ശനം നേരിട്ടത്തോടെ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ആശംസയില്‍ ഓണമെന്നാണ് ദില്ലി മുഖ്യമന്ത്രി കുറിച്ചത്. 

കെജ്‌രിവാള്‍ അന്ന്

മഹാബലിയെ ചവിട്ടി താഴ്ത്തുന്ന വാമനന്റെ ചിത്രം സഹിതമായിരുന്നു ശനിയാഴ്‌ച കെജ്‍രിവാളിന്‍റെ പോസ്റ്റ്. ഞങ്ങൾക്ക് മഹാബലിയാണ് ഹീറോയെന്ന് നിരവധി മലയാളികൾ പോസ്റ്റിൽ കമന്റിട്ടു. ഹൈബി ഈഡന്‍ എംപിയും കെജ്‍രിവാളിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ആംആദ്‌മി ബിജെപിയുടെ ബി ടീമാണ് എന്ന് വിമര്‍ശിച്ചു ഹൈബി. 

കെജ്‌രിവാള്‍ ഇന്ന് 

'എല്ലാ മലയാളി സഹോദരങ്ങള്‍ക്കും ഓണാശംസകള്‍ നേരുന്നു. സന്തോഷവും ആരോഗ്യവും സമൃദ്ധിയും ആശംസിക്കുന്നു'- എന്നായിരുന്നു ഇന്ന് ദില്ലി മുഖ്യമന്ത്രിയുടെ ട്വീറ്റ്. 

ഓണാശംസകളുമായി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

'എല്ലാവർക്കും ഓണാശംസകൾ! നമ്മുടെ മൂല്യമേറിയ സാംസ്കാരിക പാരമ്പര്യത്തിന്റെ പ്രതീകവും അത്  പോലെ വിളവെടുപ്പു കാലത്ത് പ്രകൃതി മാതാവിനോടുള്ള നന്ദി പ്രകടനവുമാണ് ഓണാഘോഷം. നമുക്ക്‌ ദുർബലർക്കു താങ്ങാകാം; കൊവിഡ് 19നെ അകറ്റാനായി മാർഗനിർദേശങ്ങൾ പിൻതുടരുകയും ചെയ്യാം' എന്നായിരുന്നു രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ ട്വീറ്റ്.

എല്ലാ മലയാളികള്‍ക്കും ഓണാശംസ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേര്‍ന്നു. തിരുവോണദിനത്തിൽ മലയാളത്തിൽ ആശംസയുമായാണ് പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ്. എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന പ്രധാനമന്ത്രി, സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ് ഓണമെന്നും കുറിച്ചു.