Asianet News MalayalamAsianet News Malayalam

അയോധ്യയിലേക്കും, വേളങ്കണ്ണിക്കും, അജ്മീറിലേക്കും ഫ്രീ തീര്‍ത്ഥാടനം; ഗോവയ്ക്ക് കെജ്രിവാളിന്‍റെ ഓഫര്‍

അടുത്തവര്‍ഷം നടക്കുന്ന ഗോവ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗോവയില്‍ സന്ദര്‍ശനത്തിന് ഇന്ന് ദില്ലി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ കെജ്രിവാള്‍ പനാജിയില്‍ എത്തി. ഈ വര്‍ഷം ഗോവയിലേക്ക് കെജ്രിവാള്‍ നടത്തുന്ന മൂന്നമത്തെ സന്ദര്‍ശനമാണ് ഇത്. 

Arvind Kejriwal Promises Free trip to Holy places Employment Guarantee to Goa
Author
Panaji, First Published Nov 1, 2021, 6:38 PM IST

പനാജി: ഗോവ (GOA) നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളിയാകും എന്ന പ്രഖ്യാപനത്തോടെയാണ് ആംആദ്മി പാര്‍ട്ടി ( Aam Aadmi Party) രംഗത്ത് ഇറങ്ങുന്നത്. 2017ല്‍ മത്സരിച്ച എല്ലാ സീറ്റിലും ഒന്നിലൊഴികെ കെട്ടിവച്ച കാശ് നഷ്ടപ്പെട്ട പാര്‍ട്ടിയാണ് ആംആദ്മി പാര്‍ട്ടി. എന്നാല്‍ ഇത്തവണ ദില്ലി മോഡല്‍ ശക്തമായ പ്രകടനം നടത്തുമെന്നാണ് തീരദേശ സംസ്ഥാനത്തിലെ ആംആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

അടുത്തവര്‍ഷം നടക്കുന്ന ഗോവ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗോവയില്‍ സന്ദര്‍ശനത്തിന് ഇന്ന് ദില്ലി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ (Arvind Kejriwal ) പനാജിയില്‍ എത്തി. ഈ വര്‍ഷം ഗോവയിലേക്ക് കെജ്രിവാള്‍ നടത്തുന്ന മൂന്നമത്തെ സന്ദര്‍ശനമാണ് ഇത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വലിയ നേട്ടം ആംആദ്മി പാര്‍ട്ടി മുന്നില്‍ കാണുന്ന സംസ്ഥാനമാണ് ഗോവ. അതിനാല്‍ തന്നെ വലിയ വാഗ്ദാനങ്ങളാണ് കെജ്രിവാള്‍ ഗോവന്‍ ജനതയ്ക്ക് മുന്നില്‍ വയ്ക്കുന്നത്.

വിശ്വാസികളെ ഉദ്ദേശിച്ച്, ആംആദ്മി ഗോവയില്‍ അധികാരത്തില്‍ വന്നാല്‍ ഹിന്ദു വിശ്വാസികള്‍ക്ക് അയോധ്യയിലേക്ക് സൌജന്യ യാത്ര ഒരുക്കും, ഇത് പോലെ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് വേളങ്കണ്ണിയിലേക്ക് സൌജന്യ തീര്‍ത്ഥാടനം ലഭ്യമാക്കും, മുസ്ലീം വിഭാഗത്തിന് അജ്മീര്‍ ദര്‍ഹയിലേക്കും, സായിബാബ വിശ്വാസികള്‍ക്ക് ഷിര്‍ദ്ദിയിലേക്കും സൌജന്യ യാത്ര ഒരുക്കും എന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചു. 

ഇപ്പോള്‍ ഗോവ ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തീര്‍ത്തും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. ഇവിടുത്തെ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് തന്നെ അഴിമതിയില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചു. കോണ്‍ഗ്രസ് ഇവിടെ അഴിമതിയില്‍ ബിജെപിയുടെ പങ്കാളികളാണ്. 

ആംആദ്മി പാര്‍ട്ടി ഗോവയ്ക്ക് മുന്നില്‍ വയ്ക്കുന്നത്, ജോലിയും വൈദ്യുതിയും നല്‍കും എന്ന വാഗ്ദാനമാണ്. ഇതില്‍ ജോലി നല്‍കുന്ന പദ്ധതിക്കായി ഇതിനകം റജിസ്ട്രര്‍ ചെയ്തിരിക്കുന്നത് 1.2 ലക്ഷം പേരാണ്. ഇത് ഗോവയിലെ മൊത്തം കുടുംബങ്ങളുടെ 25-30 ശതമാനം വരും. വൈദ്യുതി പദ്ധതിയില്‍ റജിസ്ട്രര്‍ ചെയ്തത് 2.9 ലക്ഷം കുടുംബങ്ങളാണ് ഇത് വലിയൊരു സംഖ്യയാണ് - കെജ്രിവാള്‍ പറയുന്നു.

ഇതിനുള്ള ഫണ്ട് എവിടുന്ന് എന്ന ചോദ്യത്തിനാണ് ഗോവയില്‍ ബിജെപി മുഖ്യമന്ത്രി അടക്കം അഴിമതി നടത്തുന്നു എന്ന ആരോപണം മുന്‍ ഗവര്‍ണര്‍ ഉന്നയിച്ചത് കെജ്രിവാള്‍ മുന്നോട്ട് വച്ചത്. സത്യപാല്‍ മാലിക്ക് അന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രിയെ മാത്രമല്ല ചില കേന്ദ്രമന്ത്രിമാര്‍ക്കെതിരെയും അഴിമതി ആരോപണം നടത്തി. എന്നാല്‍ സംഭവിച്ചത് എന്ത് മുഖ്യമന്ത്രി മോഷണം തുടരുന്നു, സത്യപാല്‍ മാലിക്കിനെ മാറ്റി.

വളരെ മുതിര്‍ന്ന പക്വതയുള്ള, ശുദ്ധ ഹൃദയമുള്ള മനുഷ്യനാണ് സത്യപാല്‍ മാലിക്ക്. അദ്ദേഹത്തിന് ഇത്തരം വിവരങ്ങള്‍ ലഭിക്കാന്‍ അദ്ദേഹത്തിന്‍റെതായ സംവിധാനം ഉണ്ടായിരുന്നു. 1947 ന് ശേഷം ഇത് ആദ്യമായാണ് സ്വന്തം പാര്‍ട്ടി മുഖ്യമന്ത്രിക്കെതിരെ ഒരു ഗവര്‍ണര്‍ അഴിമതി ആരോപണം ഉന്നയിച്ചത്. എന്നാല്‍ ബിജെപി പരസ്യമായി സമ്മതിക്കുകയാണ് ഞങ്ങള്‍ അഴിമതി നടത്തുമെന്ന് - കെജ്രിവാള്‍ ആരോപിക്കുന്നു. 

അതേ സമയം കെജ്രിവാള്‍ മാത്രമല്ല സമീപകാലത്ത് ഗോവന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഈ അടുത്ത് ഗോവ സന്ദര്‍ശനം നടത്തി. ഇതോടെ കോണ്‍ഗ്രസ് ബിജെപി പോരാട്ടം എന്നതിനപ്പുറം പല കോണുകള്‍ ഉള്ള പോരാട്ടമായി മാറുകയാണ് ഗോവയിലെ തെരഞ്ഞെടുപ്പ് എന്ന് വ്യക്തം. അതേ സമയം ആംആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരുടെ കടന്നുവരവിനെ 'ടൂറിസ്റ്റുകള്‍' ഗോവയില്‍ വരാറുണ്ട് എന്ന് പറഞ്ഞ് പരിഹസിക്കുകയാണ് സംസ്ഥാന ബിജെപി നേതൃത്വം ചെയ്തത്.

2017 ല്‍ 17 സീറ്റ് നേടി ഗോവന്‍ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത് കോണ്‍ഗ്രസ് ആയിരുന്നു. എന്നാല്‍ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ല. ബിജെപി സ്വതന്ത്ര്യന്മാരുടെയും ചെറു പാര്‍ട്ടികളുടെയും സഹായത്തോടെ ഇത് സാധ്യമാക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios