സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ദില്ലിയില്‍ ആദായ നികുതി സ്ലാബില്‍ വരുത്തിയ പരിഷ്ക്കാരം അനുകൂലമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ ദില്ലി നിവാസികളെ നിരാശപ്പെടുത്തിയ ബജറ്റാണിതെന്നായിരുന്നു അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രതികരണം. 

ദില്ലി: ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ദില്ലി നിയമസഭാ തെരെഞ്ഞെടുപ്പ് കൂടി മുന്നില്‍ക്കണ്ടുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ദില്ലിയില്‍ ആദായ നികുതി സ്ലാബില്‍ വരുത്തിയ പരിഷ്ക്കാരം അനുകൂലമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ദില്ലിക്കാര്‍ക്ക് നിരാശയുണ്ടാക്കുന്ന ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതികരിച്ചു. 

മഹാരാഷ്ട്രയിലും ‍ഝാര്‍ഖണ്ഡിലും ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായതിന് പിന്നാലെ നടക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം ബാക്കി നില്‍ക്കെയാണ് ഇത്തവണ കേന്ദ്രബജറ്റ് എത്തിയത്. ദില്ലി എടുത്ത് പറഞ്ഞ് വലിയ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലെങ്കിലും പലതും ദില്ലി തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളത് തന്നെയാണ്. ദില്ലി തെര‍ഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാവിഷയമായ വായുമലിനീകരണം ലഘൂകരിക്കാനുള്ള പദ്ധതി ഇത്തവണത്തെ ബജറ്റിലുണ്ട്. 4400 കോടി രൂപയാണ് കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് വായുഗുണനിലവാരം കൂട്ടാനുള്ള പദ്ധതിക്കായി നീക്കി വെച്ചത്.

Read Also: സര്‍ക്കാര്‍ ബജറ്റ് കമ്മി ലക്ഷ്യം ഉയര്‍ത്തി, സെന്‍സെക്സും നിഫ്റ്റിയും താഴെ വീണു

ആദായ നികുതി സ്ലാബിലെ പരിഷ്കാരവും തെരെഞ്ഞെടുപ്പില്‍ വോട്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ദില്ലിക്കുള്ളിൽ സർക്കാർ ജീവനക്കാർക്കാകും ഇതിൻറെ നേട്ടം കൂടുതൽ കിട്ടുക. എല്ലാ വീടുകളിലേക്കും ശുദ്ധജലമെത്തിക്കുന്ന പ്രഖ്യാപനവും ദില്ലിയിൽ പ്രചരാണായുധമാക്കും. ദില്ലി മുംബൈ എക്സ്പ്രസ്സ്
ഹൈവേ 2023 ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന ബജറ്റ് പ്രഖ്യാപനവും തെരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തന്നെയാണെന്നാണ് വിലയിരുത്തല്‍. ദില്ലി മുംബൈ ഹൈവേ മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും എല്ലാവീടുകളിലും ശുദ്ധജല പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്നും ദില്ലിയിലെ ബിജെപി പ്രകടന പത്രികയും പറയുന്നുണ്ട്. 

എന്നാല്‍ ദില്ലി നിവാസികളെ നിരാശപ്പെടുത്തിയ ബജറ്റാണിതെന്നായിരുന്നു അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രതികരണം. ദില്ലിയിലെ ജനങ്ങള്‍ക്ക് ബിജെപി ഇത്രമാത്രമേ പ്രാധാന്യം കൊടുക്കുന്നുള്ളൂ എന്നതിന്‍റെ തെളിവാണ് ബജറ്റെന്ന് കെജ്‍രിവാള്‍ കുറ്റപ്പെടുത്തി. അകലുന്ന മധ്യവർഗ്ഗത്തെയും കച്ചവടക്കാരെയും പിടിച്ചു നിറുത്താനുള്ള ശ്രമം കൂടിയാണ് ബജറ്റിലൂടെ ബിജെപി നടത്തുന്നതെന്നാണ് വിലയിരുത്തല്‍. 

Read Also: ബജറ്റ് സ്വകാര്യ മേഖലയെ പുഷ്ടിപ്പെടുത്താനെന്ന് ബിനോയ് വിശ്വം; വരുമാന നികുതി സ്ലാബ് കുറച്ചത് വലിയ നേട്ടമെന്ന് കണ്ണന്താനം