മുംബൈ: ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സെന്‍സെക്സ് 450 പോയിന്‍റുകള്‍ ഇടിഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി വര്‍ധിപ്പിച്ച നടപടിയാണ് പ്രധാനമായി മുംബൈ ഓഹരി സൂചിക ഇടിയാന്‍ കാരണമായത്. 

ഉച്ചയ്ക്ക് 1.20 ഓടെ മുംബൈ ഓഹരി വിപണി 452 പോയിന്‍റ് താഴേക്ക് വീണു. ഒടുവില്‍ വിവര ലഭിക്കുമ്പോള്‍ വിപണി 40,271.35 എന്ന നിലയിലാണ്. സമാനമായി ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. 111.70 പോയിന്‍റ് (0.93 ശതമാനം) ഇറങ്ങി 11,850 പോയിന്‍റിലാണ് വ്യാപാരം മുന്നേറുന്നത്. 

ബജറ്റ് അവതരണത്തിന് തൊട്ട് മുന്‍പ് 150 പോയിന്റ് മുന്നിലായിരുന്നു മുംബൈ ഓഹരി സൂചികയായ സെൻസെക്സ്.

2020-21 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമ്മല സീതാരാമൻ നടപ്പു സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 3.8 ശതമാനമായി ഉയർത്തി. നേരത്തെ ജിഡിപിയുടെ 3.3 ശതമാനമായിരുന്നു ഇത്. ഇതോടെ ഓഹരി വിപണി സൂചികകള്‍ കീഴ്പ്പോട്ടിറങ്ങി. 

ചില സർക്കാർ സെക്യൂരിറ്റികൾ വിദേശ നിക്ഷേപകർക്കായി തുറക്കുമെന്ന് ധനമന്ത്രി തന്റെ രണ്ടാമത്തെ ബജറ്റ് അവതരണത്തിൽ പറഞ്ഞു.

കോർപ്പറേറ്റ് ബോണ്ടുകളിലെ എഫ്പിഐകൾക്കുള്ള നിക്ഷേപ പരിധി 9 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്താനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് അവർ പറഞ്ഞു. എല്‍ ആന്‍ഡ് ടി, ടാറ്റാ സ്റ്റീല്‍, ഒഎന്‍ജിസി, പവന്‍ ഗ്രീഡ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എസ്ബിഐ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്. എച്ച്‍യുഎല്‍, ബജാജ് ഫിനാന്‍സ്, നെസ്‍ലെ, ടിസിഎസ്, അള്‍ട്രാടെക് സിമന്‍റ് തുടങ്ങിയ ഓഹരികള്‍ ലഭത്തിലാണ്.