ദില്ലി: കൊവിഡ് ചികിത്സയ്ക്ക് പ്ലാസ്മാ തെറാപ്പി വ്യാപകമാക്കാനൊരുങ്ങി ദില്ലി സര്‍ക്കാര്‍. പരീക്ഷണാടിസ്ഥാനത്തില്‍ നാല് പേരില്‍ നടത്തിയ ചികിത്സയ്ക്ക് മികച്ച പ്രതികരണം ലഭിച്ചെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. അതിൽ രണ്ട് പേര്‍ക്കാണ് രോഗം ഭേദമായത്. ഇന്ന് മുതല്‍ കൂടുതൽ ആളുകള്‍ക്ക് പ്ലാസ്മ ചികിത്സ നൽകി തുടങ്ങും എന്ന് കെജ്‌രിവാള്‍ അറിയിച്ചു.

കഴിഞ്ഞ 16 നാണ് ദില്ലിയ്ക്ക് പ്ലാസ്മ ചികിത്സ നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കിയത്. കേരളം, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ദില്ലിയെക്കൂടാതെ ഇപ്പോള്‍ പ്ലാസ്മ ചികിത്സയുള്ളത്. അതേസമയം, രോഗമുക്തി നേടിയവര്‍ രക്തം ദാനം ചെയ്യണമെന്ന് ദില്ലി മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 2376 പേർക്കാണ് ദില്ലിയിൽ ഇതുവരെ കൊവിഡ് രോഗം ബാധിച്ചത്. 808 പേര്‍ക്ക് രോഗം ഭേദമായി. 

അതിനിടെ, ദില്ലിയിൽ രണ്ട് മലയാളി ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പട്പട്ഗഞ്ചിലെ മാക്സ് ആശുപത്രിയിലെ നഴ്സുമാർക്കാണ് രോഗം സ്ഥീകീരികരിച്ചത്. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 23 ആയി. ദില്ലി എംയിസിലെ ഗ്യാസ്റ്റ്രോ എൻഡറോളജി വിഭാഗത്തിലെ ഒരു നഴ്സിന് രോഗം സ്ഥീരീകരിച്ചതോടെ ഇവിടുത്തെ 35 ആരോഗ്യപ്രവർത്തകരെ നീരീക്ഷണത്തിലാക്കി. 

അതേസമയം, പതിനാല് ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ദില്ലിയിലെ ബിജെആർഎം ആശുപത്രി അടച്ചു. ദില്ലിയിലെ ആസാദ്പൂർ മാർക്കറ്റിൽ രണ്ട് കച്ചവടക്കാർ കൂടി കൊവിഡ് ബാധിതരായി.