ദില്ലി: സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പ്രധാന കേന്ദ്രമായി മാറിയ ദില്ലിയിലെ ഷഹീന്‍ ബാഗ് സമരം ബിജെപി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നടത്തിയ ഗൂഢാലോചനയാണ് എന്ന് ആരോപിച്ച് ദില്ലി സംസ്ഥാന ഭരണകക്ഷി ആംആദ്മി രംഗത്ത്. ഷഹീന്‍ ബാഗ്  സമരത്തിന്‍റെ മുഖമായി ചിലര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ആംആദ്മി ആരോപണം. 

ഞായറാഴ്ചയാണ് ഷഹീൻ ബാഗ് സമരനായകരുൾപ്പെടെ ഉള്ളവർ പാർട്ടിയിൽ ചേർന്നതായി ബി.ജെ.പി അറിയിച്ചത്. സമരനേതാവ് ഷഹ്സാദ് അലി അടക്കം ചിലര്‍ ബി.ജെ.പി നേതാവ് ആദേശ് ഗുപ്ത, ശ്യാം ജാജു എന്നിവരുടെ സാന്നിധ്യത്തിലാണ് ബി.ജെ.പിയിൽ ചേർന്നത് എന്നാണ് ബിജെപി അറിയിച്ചത്.

ബി.ജെ.പി. ശത്രുവാണെന്ന് കരുതുന്ന തങ്ങളുടെ സമൂഹത്തിലെ അംഗങ്ങൾക്ക്‌ അത് തെറ്റായ ധാരണയെന്ന് മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമമായാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് ഷഹ്സാദ് അലി പിന്നീട് പ്രതികരിച്ചു. പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള ആശങ്കകൾ ബി.ജെ.പിയുമായി ഒന്നിച്ചിരുന്ന് തീരുമാനിക്കുമെന്നും ഷഹ്സാദ് കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെയാണ് ആംആദ്മി പാര്‍ട്ടി ആരോപണം ശക്തമാക്കിയത്. ബിജെപിയും ദില്ലി പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ഷഹീൻ ബാഗ് സമരം എന്ന് വ്യക്തമാകുകയാണ് അവര്‍ക്ക് ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്നതായിരുന്നു പദ്ധതി. ദില്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിഷയം അതുമാത്രമായിരുന്നു, ഇത് ഷഹീൻ ബാഗ് സമരക്കാരില്‍ ഒരു വിഭാഗം ബിജെപിയില്‍ ചേര്‍ന്നതോടെ വ്യക്തമായി എന്ന് ആംആദ്മി പാര്‍ട്ടിയുടെ സൌരവ് ഭരദ്വാജ് എന്‍ഡി ടിവിയോട് പ്രതികരിച്ചു.

ദില്ലി പൊലീസ് ബിജെപിയുടെ നിര്‍ദേശം അനുസരിച്ചാണ് ഷഹീന്‍ ബാഗ് സമരക്കാര്‍ക്കെതിരെ നടപടി എടുക്കാതിരുന്നതെന്നും ആംആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. 

അതേ സമയം സമൂഹത്തിലെ എല്ലാ മുസ്ലിം സഹോദരങ്ങളെയും പാർട്ടി മുഖ്യധാരാ വികസനത്തിലേക്ക് കൂട്ടിക്കൊണ്ടു വരുമെന്ന് ബി.ജെ.പി. ദില്ലി അധ്യക്ഷൻ ആദേശ് ഗുപ്ത അറിയിച്ചു.ഞായറാഴ്ചയാണ് ഷഹീൻ ബാഗ് സമരനായകരുൾപ്പെടെ ഉള്ളവർ പാർട്ടിയിൽ ചേർന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.