''യോഗി എക്കാലവും മുഖ്യമന്ത്രിയാകില്ല. എക്കാലത്തും മോദി പ്രധാനമന്ത്രിയുമാകില്ല. നിങ്ങള്‍ കാണിച്ച അനീതി മുസ്ലീങ്ങള്‍ ഒരിക്കലും മറക്കില്ല. അനീതികള്‍ ഞങ്ങള്‍ എക്കാലവും ഓര്‍ക്കും.'' 

ദില്ലി: എഐഎംഐഎം (AIMIM) പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ (Asaduddin Owaisi) തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗം വിവാദത്തില്‍. പൊലീസുകാര്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്. പ്രസംഗം വിവാദമായതോടെ ഒവൈസി വിശദീകരണവുമായി രംഗത്തെത്തി. 45 മിനിറ്റ് നീണ്ട പ്രസംഗത്തിലെ ഒരു മിനിറ്റ് മാത്രമെടുത്ത് തനിക്കെതിരെ പ്രചാരണം നടത്തുകയാണെന്നും ഹരിദ്വാറിലെ വംശഹത്യ പരാമര്‍ശങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും ഒവൈസി പറഞ്ഞു. പൊലീസ് അടിച്ചമര്‍ത്തലിനെക്കുറിച്ചാണ് താന്‍ സംസാരിച്ചന്നും കലാപാഹ്വാനവും ഭീഷണിയും താന്‍ നടത്തിയിട്ടില്ലെന്നും ഒവൈസി ട്വീറ്റ് ചെയ്തു. കാണ്‍പുരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഒവൈസി വിവാദ പരാമര്‍ശം നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോ വൈറലായി.

''യോഗി എക്കാലവും മുഖ്യമന്ത്രിയാകില്ല. എക്കാലത്തും മോദി പ്രധാനമന്ത്രിയുമാകില്ല. നിങ്ങള്‍ കാണിച്ച അനീതി മുസ്ലീങ്ങള്‍ ഒരിക്കലും മറക്കില്ല. അനീതികള്‍ ഞങ്ങള്‍ എക്കാലവും ഓര്‍ക്കും. അള്ളായുടെ ശക്തി ഉപയോഗിച്ച് അദ്ദേഹം നിങ്ങളെ നശിപ്പിക്കും. കാര്യങ്ങള്‍ മാറിമറിയും. അപ്പോള്‍ ആരാണ് നിങ്ങളെ രക്ഷിക്കാന്‍ വരുക. യോഗി മഠത്തിലേക്കും മോദി മലനിരകളിലേക്കും പോകുമ്പോള്‍ ആര് നിങ്ങളുടെ രക്ഷക്കെത്തും''-എന്നിങ്ങനെയായിരുന്നു ഒവൈസിയുടെ വാക്കുകള്‍.

Scroll to load tweet…

തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് ഒവൈസി വ്യക്തമാക്കി. ഒവൈസിയുടേത് വിദ്വേഷ പ്രസംഗമാണെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. ഹരിദ്വാറില്‍ ഹിന്ദുത്വ നേതാക്കള്‍ നടത്തിയതിന് സമാനമായി ഒവൈസിയുടെ പ്രസംഗവും അപലപനീയമാണെന്നും അഭിപ്രായമുയര്‍ന്നു.