കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ വെച്ച് ഒവൈസിക്ക് നേരെ വെടിവയ്പ്പുണ്ടായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ് വ്യക്തികള്‍ക്ക് സുരക്ഷ ഏര്‍പ്പൊടുക്കുന്നത്. 

ദില്ലി: എ.ഐ.എം.ഐ.എം. നേതാവ് അസാദുദ്ദീന്‍ ഒവൈസിക്ക് (Asaduddin Owaisi) കേന്ദ്രസര്‍ക്കാര്‍ (Union Government) ഏര്‍പ്പാടാക്കിയ ഇസഡ് കാറ്റഗറി (Z category security) സുരക്ഷ അദ്ദേഹം നിരസിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. തനിക്കെതിരെ വെടിയുതിര്‍ത്തവര്‍ക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ വെച്ച് ഒവൈസിക്ക് നേരെ വെടിവയ്പ്പുണ്ടായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ് വ്യക്തികള്‍ക്ക് സുരക്ഷ ഏര്‍പ്പൊടുക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് സാധാരണ ഗതിയില്‍ വ്യക്തികള്‍ക്ക് സുരക്ഷ ഏര്‍പ്പാടാക്കാറുള്ളത്.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അസദുദ്ദീന്‍ ഒവൈസിയുടെ കാറിന് നേരം ആക്രമണമുണ്ടായത്. മീററ്റിന് സമീപം ഹാപ്പൂരിലായിരുന്നു സംഭവം. ഒരാളെ കസ്റ്റഡിയിലെടുത്തെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും യുപി പൊലീസ് അറിയിച്ചിരുന്നു.

വൈകുന്നേരം അഞ്ച് മണിയോടെ ഹാപ്പൂരിലെ ടോള്‍ പ്ലാസിക്ക് സമീപമാണ് ആക്രമണം നടന്നത്. ട്വിറ്ററിലൂടെ ഒവൈസി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാലുപേരുള്ള സംഘമാണ് വെടിയുതിര്‍ത്തതെന്നും നാലു റൗണ്ട് വെടിവെച്ചെന്നും ഒവൈസി പറഞ്ഞു. രണ്ടു ബുള്ളറ്റുകള്‍ കാറില്‍ തറച്ചുവെന്നും ടയറുകള്‍ പഞ്ചറായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ ദില്ലിക്ക് തിരിച്ചതായും ഒവൈസി വ്യക്തമാക്കി. 

മീററ്റിലെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നിതിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയെന്നും കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും യുപി പൊലീസ് വ്യക്തമാക്കി. അതേസമയം ആക്രമണത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഒവൈസി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഒരു എംപിക്ക് സുരക്ഷ ഉറപ്പാക്കാന്‍ പോലും യുപി പൊലീസിന് ആകുന്നില്ല പ്രതിപക്ഷം വിമര്‍ശിച്ചു.