കൂടിക്കാഴ്ചക്കെത്തിയ കെ വി തോമസിനോട്  സീതാരാമന്‍ വിശദമായ കുറിപ്പ് ഹാജരാക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  ആവശ്യപ്പെട്ടു. ബുധനാഴ്ച മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

ദില്ലി: ആശാ വര്‍ക്കര്‍മാരുടെ സമരം ശക്തമാകുന്നതിനിടെ കേന്ദ്രധനമന്ത്രിക്ക് മുന്നില്‍ കേരളത്തിന് കിട്ടാനുള്ള വിഹിതത്തിന്‍റെ കണക്ക് ബോധ്യപ്പെടുത്താനാവാതെ സംസ്ഥാന സര്‍ക്കാരിന്‍റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസ്. കൂടിക്കാഴ്ചക്കെത്തിയ കെ വി തോമസിനോട് സീതാരാമന്‍ വിശദമായ കുറിപ്പ് ഹാജരാക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

എല്ലാം കൊടുത്തെന്ന് കേന്ദ്രവും ഇനിയും കിട്ടാനുണ്ടെന്ന് സംസ്ഥാനവും ആവര്‍ത്തിക്കുന്നതിനിടെയാണ് ആശാവര്‍ക്കര്‍മാരുടെ സമരമടക്കം വിഷയങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധി കെ വി തോമസ്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ടത്. 2023-24 സാമ്പത്തിക വര്‍ഷം വകയിരുത്തിയ 800 കോടിയില്‍ 189 കോടി രൂപ മാത്രമാണ് കേന്ദ്രം നല്‍കിയത്. കോബ്രാന്‍ഡിംഗ് വൈകിയത് മൂലം പാഴായെന്ന് കേന്ദ്രം പറയുന്ന ബാക്കി തുക നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധി എന്ത് ഇടപെടല്‍ നടത്തും, അതേ സാമ്പത്തിക വര്‍ഷം ഇന്‍സെന്‍റീവായി നല്‍കിയ കേരളം നല്‍കിയ 100 കോടി രൂപ തിരികെ കിട്ടാന്‍ എന്ത് ചെയ്യും തുടങ്ങിയ ചോദ്യങ്ങള്‍ക്കിടെ നടന്ന കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട കെ വി തോമസിന്‍റെ പ്രതികരണം ഇങ്ങനെയാണ്.

കൂടിക്കാഴ്ചയില്‍ കണക്ക് കൈയില്ലായിരുന്നുവെന്ന് പറയുന്ന കെ വി തോമസ്, സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കുറിപ്പ് തിങ്കളാഴ്ച ധനമന്ത്രിക്ക് എത്തിച്ച് കൊടുക്കും. വയനാട് പുനരധിവാസത്തിനുള്ള വായ്പ വിനിയോഗത്തിന്‍റെ കാലാവധി മാര്‍ച്ച് 31ല്‍ നിന്ന് നീട്ടണമെന്ന ആവശ്യം ഉന്നയിച്ചതായും കെ വിതോമസ് പറഞ്ഞു. അതേ സമയം കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിച്ച ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്‍റണി ഇന്ന് മാധ്യമങ്ങളെ കണ്ടെങ്കിലും വിഹിതത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല. വിഷയം എത്രയും വേഗം സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു.വനിതാ ദിനമായ നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാ സംഗമം സംഘടിപ്പിച്ച് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് ആശവര്‍ക്കർമാരുടെ നീക്കം. 

ആശാ വർക്കർമാരുടെ സമരം; ധനമന്ത്രിക്ക് മുന്നിൽ കണക്ക് ബോധ്യപ്പെടുത്താനാകാതെ കെ വി തോമസ്