ജയ്പൂർ: ഒരുമാസത്തേക്ക് സന്ദർശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്‍ലോട്ട്. ഓഫീസിലും വസതിയിലുമായി 40 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തീരുമാനം. മുൻകരുതൽ എന്ന നിലയിലാണ് സന്ദർശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. 

"ഡോക്ടർമാരുടെ ഉപദേശപ്രകാരം, അടുത്ത ഒരു മാസത്തേക്ക് സന്ദർശകരെ കാണേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിച്ചു. ഈ സമയത്ത് അദ്ദേഹം വീഡിയോ കോൺഫറൻസിലൂടെ മാത്രമേ പരിപാടികളിൽ പങ്കെടുക്കുകയുള്ളൂ",ഔദ്യോ​ഗിക പ്രസ്താവനയിൽ പറയുന്നു.

ചില സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ 40 ഓളം ഉദ്യോഗസ്ഥർക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട് കൊവിഡ് സ്ഥിരീകരിച്ചത്. കൊറോണ വൈറസിൽ നിന്ന് രക്ഷനേടാൻ സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും ഗെഹ്‍ലോട്ട് ജനങ്ങളോട് അഭ്യർത്ഥിച്ചു.

കഴിഞ്ഞ മാസവും ഗെഹ്‍ലോട്ടിന്റെ പത്ത് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒൻപത് സ്റ്റാഫുകൾക്കും വസതിയിലെ സ്റ്റാഫുകളില്‍ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.