ജയ്പുര്‍: രാജസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിത്വം അവസാനിക്കുന്നു. ഇടഞ്ഞു നില്‍ക്കുന്ന യുവനേതാവ് സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും ചര്‍ച്ച തുടങ്ങി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ സാന്നിധ്യത്തിലാണ് ഇരുവരും കാണുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എംഎല്‍എമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. അതിനിടെ ഗെലോട്ട് സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചു. 

മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കം അവസാനിക്കുന്നത് കോണ്‍ഗ്രസിന് ആശ്വാസമാണ്. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചുവരാന്‍ സച്ചിന്‍ പൈലറ്റ് തീരുമാനിച്ചത്. തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരുമായി സച്ചിന്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ബിഎസ്പി എംഎല്‍എമാരെയടക്കം സ്വന്തം പാളയത്തിലെത്തിച്ച് ഗെലോട്ട് ഉറച്ചുനിന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ സച്ചിന്‍ പൈലറ്റിന്റെ എല്ലാ പദവികളും കോണ്‍ഗ്രസ് നീക്കിയിരുന്നു.