ജയ്പൂർ: കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം ആളുകളെ കൊലചെയ്യുന്ന കേസുകൾ വർദ്ധിക്കുന്നതിൽ രാജ്യം മുഴുവൻ ആശങ്കാകുലരാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. അത്തരം സംഭവങ്ങൾ നടക്കാൻ പാടില്ലെന്നും ഗെലോട്ട് പറഞ്ഞു. ഹിംഗോണിയയിൽ നടന്ന ഒരു പരിപാടിയിൽ ആൾക്കൂട്ട ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'പശുക്കൾ അമ്മയെ പോലെയാണ്. ഓരോ ഹിന്ദുവും അതിനെ അമ്മയായി കാണുന്നു. വികാരങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണ്, എന്നാൽ ഒരു മതവും സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരാളുടെ ജീവൻ എടുക്കുന്നതിനെ അംഗീകരിക്കാനാകില്ല'-അശോക് ഗെലോട്ട് പറഞ്ഞു.

ആൾക്കൂട്ട ആക്രമങ്ങൾ അവസാനിപ്പിക്കണമെന്നും അവ തടയാൻ സംസ്ഥാന സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സാമൂഹിക വിരുദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കൽ പറഞ്ഞതുപോലെ ബിജെപി നേതാക്കൾക്ക് ഇത്തരമൊരു സന്ദേശം നൽകേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.