ജയ്പൂര്‍: രാജസ്ഥാനില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങി പോകുന്ന അതിഥി തൊഴിലാളികളുടെ റെയില്‍വേ യാത്രാ ചെലവ് സംസ്ഥാനം വഹിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. തൊഴിലാളികളുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയാ ഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗെലോട്ട് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വളർച്ചയുടെ അംബാസഡർമാർ എന്നും സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നുമായിരുന്നു സോണിയ ​അതിഥി തൊഴിലാളികളെ വിശേഷിപ്പിച്ചത്.

തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കുന്ന നടപടിക്കെതിരെ വിവിധ തുറകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് കര്‍ണാടക, ബീഹാര്‍ സംസ്ഥാനങ്ങള്‍ യാത്രാ ചെലവ് സംസ്ഥാനം വഹിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കര്‍ണാടകയില്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് രണ്ട് കോടി രൂപ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് നല്‍കിയിരുന്നു.

100 കോടി മുടക്കി ട്രംപിനെ സ്വീകരിച്ച സർക്കാരിന് അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചാർജ് വഹിക്കാൻ സാധിക്കില്ലേ എന്നായിരുന്നു സോണിയ ​ഗാന്ധിയുടെ ചോദ്യം. ഒരു പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രസർക്കാരും റെയിൽവേ മന്ത്രാലയവും ഇവരിൽ നിന്നും ട്രെയിൻ ടിക്കറ്റ് കൂലി ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്നു. അതിഥി തൊഴിലാളികളെ പിന്തുണയ്ക്കണമെന്ന കോൺ​ഗ്രസിന്റെ നിരന്തരമായ ആവശ്യം കേന്ദ്ര സർക്കാർ അവ​ഗണിക്കുകയാണെന്നും സോണിയ ​ഗാന്ധി വിമർശിച്ചു. എന്നാൽ കോൺ​ഗ്രസിന്റെ ഈ പ്രഖ്യാപനം വെറും 'ഷോ' ആണെന്നാണ് കേന്ദ്രത്തിന്റെ  പ്രതികരണം.