Asianet News MalayalamAsianet News Malayalam

28 വര്‍ഷത്തിനിടെ 53 ട്രാന്‍സ്ഫര്‍; റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാട് റദ്ദാക്കിയ ഐഎഎസ് ഉദ്യോഗസ്ഥന് വീണ്ടും സ്ഥലം മാറ്റം

ശാസ്ത്ര സാങ്കേതിക വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് ഇരുന്നിരുന്ന അശോക് ഖേംകയെ  ഹരിയാന സര്‍ക്കാരിന്‍റെ രേഖകള്‍ സൂക്ഷിക്കുന്ന ആര്‍ക്കൈവ്സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഖേംകെ കായിക യുവജനക്ഷേമ വകുപ്പില്‍ നിന്ന് ശാസ്ത്ര സാങ്കേതിക വകുപ്പില്‍ എത്തിയത്.

ashok Khemka who cancelled the mutation of a land deal between Robert Vadra and DLF transferred again
Author
Chandigarh, First Published Nov 28, 2019, 10:25 AM IST

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയും റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാരായ ഡിഎല്‍എഫും തമ്മിലുള്ള അനധികൃത ഭൂമി വില്‍പന റദ്ദാക്കിയ ഐഎഎസ് ഉദ്യോഗസ്ഥന് വീണ്ടും സ്ഥലം മാറ്റം. 28 വര്‍ഷത്തെ സര്‍വ്വീസിനുള്ളില്‍ 53ാമത്തെ ട്രാന്‍സഫറാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകെയെയാണ് വീണ്ടും സ്ഥലം മാറ്റിയത്. 

ശാസ്ത്ര സാങ്കേതിക വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് ഇരുന്നിരുന്ന അശോക് ഖേംകയെ  ഹരിയാന സര്‍ക്കാരിന്‍റെ രേഖകള്‍ സൂക്ഷിക്കുന്ന ആര്‍ക്കൈവ്സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഖേംകെ കായിക യുവജനക്ഷേമ വകുപ്പില്‍ നിന്ന് ശാസ്ത്ര സാങ്കേതിക വകുപ്പില്‍ എത്തിയത്. ഭരണഘടനാ ദിനത്തിന് തൊട്ട് പിന്നാലെയാണ് സ്ഥലം മാറ്റമെന്നും തീരുമാനത്തില്‍ ആരെക്കെയോ സന്തോഷിക്കുന്നുണ്ടാവുമെന്നും അശോക് ഖേംകെ ട്വിറ്ററില്‍ പ്രതികരിച്ചു.

സത്യസന്ധതയ്ക്കുള്ള പ്രതിഫലം അപമാനമാണെന്ന് ബുധനാഴ്ച ട്വീറ്റില്‍ അശോക് ഖേംകെ കൂട്ടിച്ചേര്‍ക്കുന്നു. 2012ല്‍ വിവാദ ഭൂമി വില്‍പന റദ്ദാക്കിയതോടെയാണ് അശോക് ഖേംകെ വാര്‍ത്തകളില്‍ നിറയുന്നത്. 1991 ബാച്ചിലെ ഐഎസ് ഉദ്യോഗസ്ഥനാണ് അശോക് ഖേംകെ. 

'വീണ്ടും ട്രാന്‍സ്ഫര്‍. വീണ്ടും അവിടേക്ക് തന്നെ തിരിച്ചെത്തി. ഭരണഘടനാ ദിവസം ആഘോഷിച്ചതിന്റെ അടുത്ത ദിവസം തന്നെ സുപ്രീംകോടതി ഉത്തരവുകളും, നിയമങ്ങളും ഒരുവട്ടം കൂടി തകര്‍ത്തിരിക്കുന്നു. ആരെങ്കിലും ഇതില്‍ സന്തോഷിക്കുന്നുണ്ടാകും എന്തായാലും ഞാന്‍  മൂലയിലേക്ക് എത്തിയിരിക്കുന്നു. സത്യസന്ധതയുടെ സമ്മാനമാണ് ഈ അപമാന'മെന്നാണ് അശേക് ഖേംകെയുടെ ട്വീറ്റ്. 

റോബര്‍ട്ട് വാദ്രയുടെ സ്‌കൈലൈറ്റ്‌സ് ഹോസ്പിറ്റാലിറ്റിയും ഡിഎല്‍എഫും തമ്മില്‍ നടന്ന അനധികൃത ഭൂമി ഇടപാടാണ് ഖേംകെ റദ്ദാക്കിയത്.നിയമവിരുദ്ധമായാണ് ഇടപാട് നടന്നതെന്ന് വ്യക്തമാക്കിയായിരുന്നു ഖേംകെയുടെ നടപടി. ഇതിന് പിന്നാലെ ഖേംകയുടെ ഹരിയാന രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്ഥാനം നഷ്ടമായിരുന്നു. ബിജെപി ഹരിയാനയില്‍ അധികാരത്തിലെത്തിയ ശേഷം വലിയ രീതിയിലുള്ള ആദ്യത്തെ സ്ഥലം മാറ്റപട്ടികയിലാണ് ഖേംകെയും ഉള്‍പ്പെട്ടിരിക്കുന്നത്. ഉടനടി ഉദ്യോഗസ്ഥരോട് സ്ഥലം മാറാനാണ് ഉത്തരവ്. 

Follow Us:
Download App:
  • android
  • ios