കൊൽക്കത്ത മെട്രോ പദ്ധതിക്ക് അനുമതി വൈകിപ്പിച്ചെന്ന് ആരോപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 'മെയ് നാലിന് ഈ സർക്കാർ മാറും, ബിജെപി സർക്കാർ രൂപീകരിക്കും. ഉടൻതന്നെ നിർമാണപ്രവൃത്തി ആരംഭിച്ച് മുന്നോട്ടുപോകും"- അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പറഞ്ഞു..
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം ബാക്കിനിൽക്കെ മമത ബാനർജി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കൊൽക്കത്ത മെട്രോ പദ്ധതിക്ക് അനുമതി നൽകുന്നതിന് തൃണമൂൽ കോൺഗ്രസ് സർക്കാർ കാലതാമസം വരുത്തിയെന്നാണ് അശ്വിനി വൈഷ്ണവിൻ്റെ ആരോപണം. സംസ്ഥാന സർക്കാരിനെ 'വികസന വിരുദ്ധർ' എന്ന് വിമർശിച്ച കേന്ദ്രമന്ത്രി, ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
"തൃണമൂൽ സർക്കാർ വികസന വിരുദ്ധ സർക്കാരാണ്. കൊൽക്കത്ത മെട്രോ പദ്ധതിക്കായി കൊൽക്കത്തയിലെ ചിഗ്രിഘട്ടയിൽ വർഷങ്ങളായി ഞങ്ങൾ ഡൈവേഷൻ നിർമിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ അവിടെ നിർമാണപ്രവൃത്തി നടത്താൻ തൃണമൂൽ സർക്കാർ അനുമതി നൽകിയില്ല. തുടർന്ന് ഞങ്ങൾ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചു. മെട്രോ നിർമിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇപ്പോൾ, മെയ് നാലിന് ഈ സർക്കാർ മാറും, ബിജെപി സർക്കാർ രൂപീകരിക്കും. ഉടൻതന്നെ നിർമാണപ്രവൃത്തി ആരംഭിച്ച് മുന്നോട്ടുപോകും"- അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പറഞ്ഞു.
പശ്ചിമ ബംഗാളിൽ ബുധനാഴ്ച (ഏപ്രിൽ 29) രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തൃണമൂൽ സർക്കാരിനെതിരായ കടുത്ത വിമർശനം. സംസ്ഥാനത്തെ 294 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാംഘട്ടത്തിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുക. ഇതിൽ 123 സീറ്റുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനായിരുന്നു വിജയം. ഈ മണ്ഡലങ്ങൾ തൃണമൂൽ കോൺഗ്രസിൻ്റെ ശക്തികേന്ദ്രങ്ങളായ തെക്കൻ ബംഗാളിലും കൊൽക്കത്ത ജില്ലയിലുമാണ് ഉൾപ്പെടുന്നത്.
ഏപ്രിൽ 23ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 152 സീറ്റുകളാണ് വിധിയെഴുതിയത്. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം, ഒന്നാംഘട്ടത്തിൽ 91.78 ശതമാനം ആണ് പോളിങ് രേഖപ്പെടുത്തിയത്. റെക്കോർഡ് പോളിങ് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പ്രതിപക്ഷമായ ബിജെപിയും. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക. രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ, വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലവും പുറത്തുവരും.


