ചെന്നൈ: 'നീറ്റ്' പരീക്ഷയുടെ പേരിൽ തട്ടിപ്പ് നടത്തിയതിന്‍റെ പേരിൽ മൂന്ന് വിദ്യാർത്ഥികൾ വലയിലായ ശേഷവും നിർബാധം തുടരുകയാണ് 'നീറ്റ്' തട്ടിപ്പ്. ലക്ഷങ്ങള്‍ ഉണ്ടെങ്കില്‍ തമിഴ്‍നാട്ടിൽ എവിടെയും മെഡിക്കല്‍ സീറ്റ് ഒപ്പിച്ച് നല്‍കാന്‍ ചെന്നൈയില്‍ ഇടനിലക്കാര്‍ സജീവമാണ്. ഉത്തരേന്ത്യയിലെ പരീക്ഷാകേന്ദ്രങ്ങള്‍ തിരഞ്ഞെടുത്താല്‍ ആള്‍മാറാട്ടത്തിലൂടെ പ്രവേശന പട്ടികയില്‍ ഇടംപിടിക്കാമെന്നാണ് ഉറപ്പ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഇടയിലും സീറ്റ് വാഗ്ദാനം ചെയ്ത് നിരവധി രക്ഷിതാക്കളെയാണ് ഇടനിലക്കാര്‍ സമീപിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

''മകള്‍ പരീക്ഷ കഴിഞ്ഞ് പുറത്ത് വന്നപ്പോള്‍ രണ്ട് പേര്‍ ഞങ്ങളെ സമീപിച്ചു. മെഡിക്കല്‍ സീറ്റിന്‍റെ കാര്യം അവര്‍ നോക്കിക്കോളാമെന്ന് പറഞ്ഞാണ് വന്നത്. എന്നാല്‍ ഞങ്ങള്‍ കാര്യമാക്കിയില്ല. അന്ന് മുതല്‍ ഫോണിലേക്ക് നിരന്തരം സന്ദേശങ്ങളും വിളിയും തുടങ്ങി. ഇത് ഇപ്പോഴും തുടരുകയാണ്'', ചെന്നൈ സ്വദേശിയായ ഒരു രക്ഷിതാവ് ഞങ്ങളോട് പറഞ്ഞതാണ്.

കഴിഞ്ഞ ഏപ്രിലില്‍ ചെന്നൈയിലെ നീറ്റ് പരീക്ഷ കേന്ദ്രത്തിന് പുറത്ത് വച്ചാണ് ലക്ഷ്മി,സ്വാമി എന്നീ പേരില്‍ രണ്ട് പേര്‍ ഈ രക്ഷിതാവിനെ പരിചയപ്പെടുന്നത്. മകള്‍ക്ക് എന്‍ട്രന്‍സ് ലഭിച്ചില്ലെങ്കിലും എംബിബിഎസ് അഡ്മിഷന്‍ വാങ്ങിച്ച് നല്‍കാമെന്നായിരുന്നു വാഗ്ദാനം. മികച്ച പരിശീലന കേന്ദ്രങ്ങളില്‍ കുറഞ്ഞ നിരക്കില്‍ പ്രവേശനം നല്‍കാമെന്നായിരുന്നു ആദ്യ സന്ദേശങ്ങള്‍. പിന്നീട് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്തായി നിരന്തരം ഫോണ്‍ കോളും മെസ്സേജും. ഈ രക്ഷിതാവിന്‍റെ സഹോദരന്‍ എന്ന പേരില്‍ ഞങ്ങള്‍ ഇതേ നമ്പറിലേക്ക് ബന്ധപ്പെട്ടു.

റിപ്പോര്‍ട്ടര്‍ : ഞങ്ങള്‍ക്ക് സീറ്റ് ഉറപ്പാക്കണമെന്ന് ആഗ്രഹമുണ്ട്. ഒന്ന് കാണാന്‍ കഴിയുമോ?
ഇടനിലക്കാരന്‍ : തേനിയിലേക്ക് വരണം.
റിപ്പോര്‍ട്ടര്‍ : ഞങ്ങള്‍ ചെന്നൈയിലാണ് ഉള്ളത്. അതാണ് പ്രശ്നം?
ഇടനിലക്കാരന്‍ : എങ്കില്‍ ചെന്നൈയില്‍ ആളെ ഏര്‍പ്പാടാക്കാം.

തേനിയില്‍ എത്താനാണ് ആദ്യം പറഞ്ഞതെങ്കിലും രണ്ട് ദിവസത്തിന് ശേഷം ചെന്നൈയില്‍ നിന്ന് ആളെ അയക്കാമെന്നായി. മുരുകന്‍ എന്നയാള്‍ വിരുഗമ്പാക്കത്ത് കൂടിക്കാഴ്ചയ്ക്ക് എത്തി.

''ഒരു പ്രശ്നവും ഇല്ല. എല്ലാം ലക്ഷ്മി അക്ക പറഞ്ഞിരുന്നു. എസ്ആര്‍എം കോളേജില്‍ വരെ ഒപ്പിക്കാം. ആദ്യം രണ്ട് ലക്ഷം തരണം. പിന്നീട് പറയുന്നതിന് അനുസരിച്ച് ചെയ്താല്‍ മതി'', എന്ന് മുരുഗൻ പറയുന്നു.

ആദ്യ ഘട്ടമായി രണ്ട് ലക്ഷം രൂപ നല്‍കിയാല്‍, പിന്നീട് സര്‍ട്ടിഫിക്കറ്റുമായി അടുത്ത ഇരുപത്തിയഞ്ചിന് പോണ്ടിച്ചേരിയിലേക്ക് വരാനായിരുന്നു നിര്‍ദേശം. ബാക്കി തുക അപ്പോള്‍ പറയും.

''ഇരുപത്തിയഞ്ചിന് പുതുച്ചേരിയിലേക്ക് വന്നാല്‍ മതി. അപ്പോള്‍ സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരണം. ഒരു പ്രശ്നവും ഇല്ല'', എന്ന് മുരുഗൻ പറയുന്നു.

പ്രവേശന പട്ടികയില്‍ ഇടം പിടിക്കുന്ന വഴിയും ഇടനിലക്കാരന്‍ വ്യക്തമാക്കി. യുപി, രാജസ്ഥാന്‍, ബെംഗളുരു എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രം രജിസ്റ്റര്‍ ചെയ്താല്‍ പിന്നെ പ്രശ്നമില്ലെന്നാണ് മറുപടി.

''ലിസ്റ്റില്‍ എല്ലാം വരും. ബംഗ്ലൂരു,ലക്നൗ പോലെ ഞങ്ങള്‍ പറയുന്നിടത്ത് പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്താല്‍ മതി. അവിടെ എല്ലാം നമ്മുടെ ആളുകള്‍ ഉണ്ട്. ബാക്കി അവര്‍ നോക്കും'', എന്ന് മുരുഗൻ ഉറപ്പ് നൽകുന്നു. 

പ്രവേശനപരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കൂടി അറിയാതെ ഇത്തരം തട്ടിപ്പുകള്‍ എങ്ങനെ നടക്കുമെന്ന സംശയമാണ് ബാക്കിയാകുന്നത്. കൃത്യമായ നടപടി ഉണ്ടായില്ലെങ്കില്‍ അതീവ സുരക്ഷാ പ്രധാന്യമുള്ള നീറ്റിന്‍റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതിന് ആര് തരും മറുപടി?