രാജ്യത്തെ പ്രധാന ഡിജിറ്റൽ വാർത്താ പ്ലാറ്റ് ഫോമാണ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം. 7 ഭാഷകളിലായി പ്രതിമാസം 80 ദശലക്ഷം സജീവ ഉപയോക്താക്കൾ വെബ്സൈറ്റ് സന്ദർശിക്കുന്നു.
മുംബൈ: മറാത്തിയിൽ തുടക്കം കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം. ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ANMEPL) ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഏഷ്യാനെറ്റ് ന്യൂസ്.കോം (Asianetnews.com) അതിന്റെ എട്ടാമത്തെ പ്രാദേശിക ഭാഷാ വെബ്സൈറ്റാണ് ആരംഭിച്ചത്. ചൊവ്വാഴ്ച മുംബൈയിലെ പ്രസ് ക്ലബ്ബിൽ വെച്ചായിരുന്നു ലോഞ്ച്.
മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മഹാരാഷ്ട്ര വാട്ടർ റിസോഴ്‌സ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറി ഡോ. രാംനാഥ് സോനവാനെ, നടനും ഡയറക്ടറുമായ പ്രവീൺ ദബാസ്, അഭിനേത്രിയും നിർമ്മാതാവുമായ പ്രീതി ജാംഗിയാനി എന്നിവരും സന്നിഹിതരായിരുന്നു.
മലയാളം, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗ്ലാ ഭാഷകളിൽ ഏഷ്യാനെറ്റ് ന്യൂസ്.കോം പ്രവർത്തിക്കുന്നു. തെറ്റായ വിവരങ്ങളുടെ വ്യാപനം തടയുന്നതിനും മറാത്തി ജനത്തിന് വിശ്വസനീയമായ വാർത്തകൾ എത്തിക്കുന്നതിനും സമൂഹത്തിന്റെ അഭിപ്രായം രൂപപ്പെടുത്തുന്നതിനും ഏഷ്യാനെറ്റ് ന്യൂസ് പങ്കുവഹിക്കട്ടെയെന്ന് ഫഡ്നവിസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറ സംസാരിച്ചു.
മഹാരാഷ്ട്രക്കാർക്ക് വാർത്തകളുടെ ഏറ്റവും വിശ്വസനീയമായ ഉറവിടമാകാനും ഉയർന്ന നിലവാരമുള്ള ഉള്ളടക്കം നൽകുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നീരജ് കോഹ്‌ലിയും സംസാരിച്ചു. മറ്റ് 7 ഭാഷകളിലെ വിജയം മറാത്തിയിലേക്ക് വ്യാപിപ്പിക്കാനും മഹാരാഷ്ട്രയിലെ ജനങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തെ സംരക്ഷിക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രേക്ഷകർക്ക് സമഗ്രവും കാലികവും സത്യസന്ധവുമായ വാർത്ത നൽകുകയാണ് ലക്ഷ്യമെന്ന് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സമർഥ് ശർമ്മ പറഞ്ഞു
രാജ്യത്തെ പ്രധാന ഡിജിറ്റൽ വാർത്താ പ്ലാറ്റ് ഫോമാണ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം. 7 ഭാഷകളിലായി പ്രതിമാസം 80 ദശലക്ഷം സജീവ ഉപയോക്താക്കൾ വെബ്സൈറ്റ് സന്ദർശിക്കുന്നു.
