അസം നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 90 മുതല്‍ 100 സീറ്റുകള്‍ വരെ നേടി മൃഗീയ ഭൂരിപക്ഷം നേടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. എന്നാല്‍ ഇത് ഹിമന്തയുടെ പകല്‍ക്കിനാവാണെന്നും ജനങ്ങള്‍ എന്‍ഡിഎ ഭരണത്തില്‍ അതൃപ്‌തരാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
ഗുവാഹത്തി: അസം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി 90 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമില്‍ 126 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മൃഗീയ ഭൂരിപക്ഷം എന്‍ഡിഎ നേടുമെന്നാണ് ഹിമന്ത ബിശ്വ ശർമ്മയുടെ അവകാശവാദം.
അസമില്‍ എന്‍ഡിഎ തുടരുമെന്ന് ഹിമന്ത ബിശ്വ ശർമ്മ
'വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ 90-100 സീറ്റുകള്‍ നേടും. കോണ്‍ഗ്രസിന് ലഭിക്കുക 16-17 സീറ്റുകളായിരിക്കും. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 5-6 സീറ്റിലും റയ്‌ജോര്‍ ദള്‍ ഒരു സീറ്റിലും ഒതുങ്ങുമ്പോള്‍ അസം ജതീയ പരിഷത് ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്നും' ഹിമന്ത ബിശ്വ ശർമ്മ പ്രവചിക്കുന്നു. 'തിഹു, നല്‍ബാരി സീറ്റുകളില്‍ എന്‍ഡിഎ വന്‍ വിജയം നേടും. അതേസമയം അഖില്‍ ഖൊഖോയ്‌യുടെ റയ്‌ജോര്‍ ദള്‍ ദിഹിംഗിലെ ഒരൊറ്റ സീറ്റില്‍ മാത്രമാണ് ജയിക്കുക. ശിബസാഗറില്‍ അതിശക്തമായ മത്സരത്തിനൊടുവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജയിക്കും. ധുബ്രി, ഗോലാകഞ്ച് എന്നിവിടങ്ങളില്‍ എന്‍ഡിഎ വിജയം നേടും. ഗുവാഹത്തിയിലെ എല്ലാ സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തോടെ എന്‍ഡിഎയ്ക്കായിരിക്കും ജയം. ലഖിംപുര്‍, കസിരംഗ ലോക്‌സഭ മണ്ഡലങ്ങളിലെ എല്ലാ നിയമസഭ സീറ്റുകളിലും എന്‍ഡിഎ അനായാസ വിജയം നേടും'- എന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പകല്‍ക്കിനാവ് കാണുകയാണ് എന്നാണ് ഈ അവകാശവാദങ്ങളോട് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രതികരണം. കോണ്‍ഗ്രസിന്‍റെ ഉദയം തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കാണാമെന്നും എന്‍ഡിഎ ഭരണത്തില്‍ അസമിലെ ജനങ്ങള്‍ അതൃപ്‌തരാണ് എന്നും കോണ്‍ഗ്രസ് വക്‌താവ് ബര്‍നാലി ഫുകാന്‍ പറഞ്ഞു.
അസമിലെ തെരഞ്ഞെടുപ്പ് ചിത്രം
അസമിലെ 126 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 9-ന് ഒറ്റ ഘട്ടമായി നടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ. നിലവിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരും കോൺഗ്രസും തമ്മിലാണ് സംസ്ഥാനത്ത് പ്രധാന മത്സരം. അസോം ഗണ പരിഷത്ത് (എജിപി), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) എന്നിവർക്കൊപ്പമാണ് ബിജെപി മത്സരിക്കുന്നത്. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താനാണ് എൻഡിഎ ശ്രമിക്കുന്നത്. അതേസമയം, ഭരണകക്ഷിയെ പരാജയപ്പെടുത്തി അധികാരത്തിൽ തിരിച്ചെത്തുകയാണ് കോൺഗ്രസ് ലക്ഷ്യം.



