ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ജനങ്ങൾ കടുത്ത ദുരിതത്തിലാണെന്ന് റിപ്പോർട്ട്. അസമിൽ പ്രളയത്തിൽ രണ്ടുലക്ഷത്തിലേറെ പേരാണ് ദുരിതമനുഭവിക്കുന്നത്. മൂന്ന് പേർക്ക് ഇവിടെ ജീവൻ നഷ്ടമായി.

ചൊവ്വാഴ്ച വരെ പ്രളയത്തിൽ 62400 പേരാണ് ദുരിതത്തിലായത്. എട്ട് ജില്ലകളിലാണ് വെള്ളം കയറിയത്. ഇപ്പോഴിത് 11 ജില്ലകളിലേക്ക് വ്യാപിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2.07 ലക്ഷം പേരാണ് ഇപ്പോൾ സംസ്ഥാനത്ത് പ്രളയബാധിതർ.

സംസ്ഥാനത്ത് 530 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്ന് സംസ്ഥാന ദുരന്ത നിവാരണ സേനയുടെ അറിയിപ്പ്. 13,267 ഹെ‌ക്ടർ വിസ്തൃതിയിൽ കൃഷിയെയും പ്രളയം ബാധിച്ചു.

എന്നിട്ടും സംസ്ഥാനത്ത് നാല് ജില്ലകളിലായി വെറും 13 ദുരിതാശ്വാസ ക്യാംപുകൾ മാത്രമാണ് സർക്കാർ തുറന്നത്. ഇതിൽ ഇതുവരെ 249 പേരെ മാത്രമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തൊട്ടാകെ നദികൾ കരകവിഞ്ഞൊഴുകുകയാണ്. മൂന്ന് ജില്ലകളിലാണ് മൂന്ന് പേരുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.