ഡിസ്പൂർ: അസമിലെ പ്രളയത്തിൽ മരണം 92 ആയി. സോനിത്പൂർ, ബാർപേത, ഗോലാഘട്ട, മോറിഗാവ് എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള മിക്ക നദികളും കര കവിഞ്ഞൊഴുകുകയാണെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.

കാസിരംഗ ദേശിയ പാർക്കിനെയും വെള്ളപ്പൊക്കം ബാധിച്ചു. പാർക്കിന്‍റെ 95 ശതമാനവും വെള്ളം നിറഞ്ഞിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എറ്റവും വലിയ വാസകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമാണ് കാസിരംഗ ദേശീയോദ്യാനം. ഇത് വരെ 66 വന്യമൃഗങ്ങൾ പ്രളയത്തിൽ ചത്തു.