Asianet News MalayalamAsianet News Malayalam

അസം - മേഘാലയ അതിർത്തി വെടിവെപ്പ്: കേന്ദ്ര ഏജൻസി അന്വേഷിക്കണം, മേഘാലയ മുഖ്യമന്ത്രി അമിത് ഷായെ കാണും

സംഭവത്തിൽ സിബിഐയോ എൻഐഎയോ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കേന്ദ്ര ഏജൻസിയോ, നിഷ്പക്ഷ സമിതിയോ സംഭവം അന്വേഷിക്കണമെന്ന് അസം ആവശ്യപ്പെട്ടിരുന്നു. 

assam meghalaya firing meghalaya cm to meet amit shah
Author
First Published Nov 24, 2022, 3:49 AM IST

ദില്ലി: അസം - മേഘാലയ അതിർത്തിയിലെ  വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ മേഘാലയ മുഖ്യമന്ത്രി കൊർണാട് സാഗ്മ ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സംഭവത്തിൽ സിബിഐയോ എൻഐഎയോ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കേന്ദ്ര ഏജൻസിയോ, നിഷ്പക്ഷ സമിതിയോ സംഭവം അന്വേഷിക്കണമെന്ന് അസം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അതിർത്തിയിലുണ്ടായ വെടിവെപ്പിൽ അസം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയയിൽ നിന്നുള്ള അഞ്ച് പേരുമാണ് മരിച്ചത്.  
 
അതിർത്തി മേഖലയിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. അനധികൃതമായി മരം മുറിച്ച് കടത്തുന്നത് വനം വകുപ്പ് തടഞ്ഞപ്പോഴാണ് സംഘർഷം ഉണ്ടായതെന്നാണ് അസമിന്റെ വാദം. തടി മുറിച്ച് കടത്തിയവരെ അസം വനം വകുപ്പ് പിടികൂടി. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകൾ ഓഫീസ് വളഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. വെസ്റ്റ് ജയന്തി ഹിൽസ് മേഖലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട മേഘാലയക്കാർ. അസം വനം വകുപ്പിലെ ഹോം ഗാർഡാണ് കൊല്ലപ്പെട്ട മറ്റൊരാൾ.  കൊല്ലപ്പെട്ട  മേഘാലയക്കാർ ഖാസി സമുദായ അംഗങ്ങളാണ്. 

സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം മേഘാലയ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനവും സമാധാനവും തകർക്കുന്നതിനും ക്രമസമാധാനപാലനത്തിനുമായി മാധ്യമങ്ങൾ വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്,ട്വിറ്റര്‍, യൂട്യൂബ് മുതലായ സോഷ്യൽ മീഡിയകൾ ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് മേഘാലയയിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ പേരില്‍ പുറത്തിറങ്ങിയ ഉത്തരവ് പറയുന്നത്. 

മേഘാലയയിലെ വെസ്റ്റ് ജയന്തിയാ ഹിൽസ്, ഈസ്റ്റ് ജയന്തിയാ ഹിൽസ്, ഈസ്റ്റ് ഖാസി ഹിൽസ്, റി-ബോയ്, ഈസ്റ്റേൺ വെസ്റ്റ് ഖാസി ഹിൽസ്, വെസ്റ്റ് ഖാസി ഹിൽസ്, സൗത്ത് വെസ്റ്റ് ഖാസി ഹിൽസ് എന്നീ ജില്ലകളിൽ ടെലികോം, സോഷ്യൽ മീഡിയ സേവനങ്ങൾ നിര്‍ത്തി. പ്രഖ്യാപനം ലംഘിക്കുന്നവർക്ക് ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) സെക്ഷൻ 188 പ്രകാരവും ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, 1885 ന്റെ അനുബന്ധ വ്യവസ്ഥകൾ പ്രകാരവും പിഴ ചുമത്തുമെന്ന് ഉത്തരവില്‍ പറയുന്നു. 

Read Also: 'അത് ഞങ്ങളുടെ സർക്കാരായിരുന്നു, പക്ഷേ അവർ വിലകൊടുത്ത് വാങ്ങി'; ബിജെപിക്കെതിരെ രാഹുൽ

Follow Us:
Download App:
  • android
  • ios