ദിസ്പൂർ: കൊറോണ വൈറസിനെതിരെ മുൻ പന്തിയിൽ നിന്നുകൊണ്ട് രാപ്പകലില്ലാതെ പോരാടുകയാണ് ആരോഗ്യപ്രവർത്തകർ. ഉറ്റവരുമായി അകന്ന് സ്വന്തം ക്ഷേമം നോക്കാതെ മറ്റുള്ളവരുടെ ആരോ​ഗ്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണ് അവർ. അത്തരത്തിലൊരു നഴ്സിന്റെ വാർത്തയാണ് ഇപ്പോൾ ആസാമിൽ നിന്ന് പുറത്തുവരുന്നത്. നഴ്സിന്റെ സമർപ്പണവും ആത്മാർത്ഥതയും സമൂഹമാധ്യമങ്ങളിൽ വളരെയധികം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

ഒലി ബാർമാൻ എന്ന നഴ്സാണ് തന്റെ വിവാഹത്തിന്റെ തലേദിവസവും കൊവിഡ് രോ​ഗികളെ പരിചരിക്കുന്നതിനായി ആശുപത്രിയിൽ എത്തിയത്. ആസാമിലെ നൽബാരി ജില്ലയിലെ സ്വാഹിദ് മുകുന്ദ കകതി സിവിൽ ആശുപത്രിയിലെ നഴ്സാണ് ഒലി. കഴിഞ്ഞ രണ്ട് മാസമായി എമർജൻസി വിഭാ​ഗത്തിൽ ഡ്യൂട്ടി നോക്കുകയാണ് ഒലി ബാർമാൻ.

തിങ്കളാഴ്ച ആയിരുന്നു ഒലിയുടെ വിവാഹം. എന്നാൽ, ജോലിക്ക് മുൻ​ഗണന നൽകി തലേദിവസവും രോ​ഗികളെ ശുശ്രൂഷിക്കുന്നതിന് ആശുപത്രിയിൽ എത്തുകയായിരുന്നു. സിംഗിമാരി ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ നൽബാരി ഡെപ്യൂട്ടി കമ്മീഷണർ ഭാരത് ഭൂഷൺ ദേവചൗധരിയും എത്തിയിരുന്നു. ഈ നഴ്സ് ഒരു യഥാർത്ഥ യോദ്ധാവും ഇത്തരം വിഷമകരമായ സമയത്ത് ഞങ്ങൾക്ക് ഒരു പ്രതീക്ഷയുമാണെന്ന് ഭാരത് ഭൂഷൺ പറഞ്ഞു.

"വിവാഹം നടക്കുമോ ഇല്ലയോ എന്ന് ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. ചടങ്ങ് മാറ്റിവയ്ക്കാൻ ഞങ്ങളുടെ ബന്ധുക്കളിൽ പലരും നിർദ്ദേശിച്ചു. എന്നാൽ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ ഇളവ് വന്നതോടെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു"ഒലി ബാർമാൻ പറയുന്നു.

ഡ്യൂട്ടി സമയം കഴിഞ്ഞ് ശനിയാഴ്ച രാത്രി ആയിരുന്നു ഒലിയുടെ മെഹന്ദി ചടങ്ങുകൾ നടന്നത്. എന്നാൽ ഞായറാഴ്ച രാവിലെ വീണ്ടും ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഡേ ഷിഫ്റ്റ് കഴിഞ്ഞ ഒലി, "ജോറാൻ" എന്ന പരമ്പരാഗത ആചാരത്തിൽ പങ്കെടുക്കാൻ വീട്ടിലേക്ക് പോകുകയും ചെയ്തു. 

"തിങ്കളാഴ്ച രാത്രി ഡ്യൂട്ടിയിൽ പ്രവേശിക്കണമെന്ന് എന്റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നുവെങ്കിൽ, വിവാഹ ചടങ്ങുകൾ അവസാനിച്ചുകഴിഞ്ഞ് ഞാൻ തീർച്ചയായും ആശുപത്രിയിൽ എത്തുമായിരുന്നു. ഈ സാഹചര്യത്തിൽ ജനങ്ങളെ ശുശ്രൂഷിക്കുന്നതിനാണ് പ്രഥമ പരി​ഗണന" ഒലി ബാർമാൻ പറയുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.