ഗുവാഹത്തി: അസമില്‍ ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍  രണ്ട് ദിവസമായി നദി നിന്ന് കത്തുന്നു. നദിയിലേക്ക്  പതിച്ച ക്രൂഡോയിലിലേക്ക് തീ പടര്‍ന്നതാണ് നദിയില്‍ തീ പിടുത്തം ഉണ്ടാകാന്‍ കാരണം.  ശനിയാഴ്ച ഗുവാഹത്തിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ദിബ്രുഗഡ് ജില്ലയിലെ  നഹര്‍കതിയ പട്ടണത്തിലെ ബുര്‍ഹി ഡിഹിംഗ് നദിയിലാണ് തീപിടിത്തമുണ്ടായത്. 

അപ്പര്‍ അസം മേഖലയിലെ എണ്ണപ്പാടങ്ങളില്‍നിന്നും എണ്ണ ശേഖരിച്ച് പ്രധാന കേന്ദ്രത്തിലേയ്ക്കെത്തിക്കുന്ന പൈപ്പ് ലൈനാണ് പൊട്ടിയത്. പൈപ്പിലുണ്ടായ  ചോര്‍ച്ചയാണ് തീ പിടുത്തത്തിന് കാരണമെന്ന് ഓയില്‍ ഇന്ത്യ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു.  അസംസ്‌കൃത എണ്ണ നദിയിലേക്ക് ഒഴുകിയതിനെത്തുടര്‍ന്ന് ആളുകള്‍ തീ കത്തിച്ചതാകാം നദിയില്‍ തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

തീ നിയന്ത്രണവിധേയമാണെന്നും തീ അണയ്ക്കുന്നതിനായി  വിദഗ്ധരുടെ  ഒരു സംഘത്തെ   നിയോഗിച്ചിട്ടുണ്ടെന്നും ഓയില്‍ ഇന്ത്യ വ്യക്തമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ജനുവരി 31 നും ഫെബ്രുവരി ഒന്നിനും  ഇടയിലാണ് പൈപ്പ്‌ലൈന്‍ പൊട്ടിയത്. ഫെബ്രുവരി ഒന്നിനും രണ്ടിനും ഇടയിലാണ് തീ നദിയിലേക്ക് പടര്‍ന്നത്.