'ഗാന്ധി കുടുംബത്തോടുള്ള വിശ്വസ്തത തെളിയിക്കാനുള്ള ശ്രമമാണ് റാവുവിന്‍റേത്'. സൈന്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ് ഇതെന്നും ശർമ്മ അഭിപ്രായപ്പെട്ടു
ദില്ലി: 2019 സെപ്റ്റംബറിൽ പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ (PoK) ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിൽ സംശയം പ്രകടിപ്പിച്ച തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്ത്. ചന്ദ്രശേഖർ റാവുവിന്‍റെ വിഡിയോ പങ്കുവച്ചാണ് ഹിമന്ത ബിശ്വ ശർമ്മയുടെ മറുപടി. 'പുൽവാമ ആക്രമണത്തിന്‍റെ വാർഷികദിനത്തിൽ സർജിക്കൽ സ്‌ട്രൈക്കിനെ ചോദ്യം ചെയ്തുകൊണ്ട് റാവു രംഗത്തെത്തിയത് അംഗികരിക്കാനാകില്ലെന്ന് ശർമ്മ പറഞ്ഞു.
രാജ്യത്തിനായി വിരമൃത്യു ഏറ്റുവാങ്ങിയ രക്തസാക്ഷികളെ അപമാനിക്കുകയാണ് റാവു ചെയ്തത്. 'ഗാന്ധി കുടുംബത്തോടുള്ള വിശ്വസ്തത തെളിയിക്കാനുള്ള ശ്രമമാണിത്. സൈന്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ് ഇതെന്നും ശർമ്മ അഭിപ്രായപ്പെട്ടു. എന്റെ വിശ്വസ്തത സൈന്യത്തോടൊപ്പമാണെന്നും ജീവിതകാലം മുഴുവൻ അതിന്‍റെ പേരിൽ അധിക്ഷേപിച്ചാലും കാര്യമാക്കുന്നില്ലെന്നും അസം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
സർജിക്കൽ സ്ട്രൈക്ക് വിഷയത്തിൽ കഴിഞ്ഞയാഴ്ച മുതൽ രണ്ട് മുഖ്യമന്ത്രിമാരും തർക്കത്തിലാണ്. കോൺഗ്രസിനും ഇതര പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾക്കുമെതിരെ കഴിഞ്ഞ വെള്ളിയാഴ്ചയും ഹിമന്ദ് ശർമ്മ കടുത്ത വിമർശനം നടത്തിയിരുന്നു. 'രാജ്യത്തിന്റെ അഭിമാനമായിരുന്ന ജനറൽ ബിപിൻ റാവത്തിനെ പോലും മരണശേഷം പ്രതിപക്ഷ നേതാക്കൾ അപമാനിച്ചു. റാവത്തിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ പാകിസ്ഥാനിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത്. ഇതിൽ പോലും സംശയം പ്രകടിപ്പിക്കുന്നവരുടെ മാനസികാവസ്ഥ എന്താണ്. രാഹുൽ ഗാന്ധി നേരത്തെ ഇതിന്‍റെ തെളിവ് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം രാജീവ് ഗാന്ധിയുടെ മകനാണോ അല്ലയോ എന്നതിന് ഞങ്ങൾ എപ്പോഴെങ്കിലും തെളിവ് ചോദിച്ചിട്ടുണ്ടോ? എന്റെ സൈന്യത്തിൽ നിന്ന് തെളിവ് ചോദിക്കാൻ നിങ്ങൾക്ക് എന്തവകാശമാണ്? എന്നും ഹിമന്ദ് ശർമ്മ അന്ന് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ചന്ദ്രശേഖർ റാവു കടുത്ത ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയത്. രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിന് അസം മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി അധ്യക്ഷൻ ജെ പി നദ്ദയോടും ആവശ്യപ്പെട്ടു. സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട് ബിജെപി തെറ്റായ പ്രചരണം നടത്തുന്നുവെന്നും അതിനാൽ തെളിവ് കാണിക്കണമെന്നും റാവു ആവശ്യപ്പെട്ടിരുന്നു.
കെസിആറിനെതിരായ ശർമ്മയുടെ തിരിച്ചടിയാണ് ഇന്നുണ്ടായത്. 'സർജിക്കൽ സ്‌ട്രൈക്ക് നടത്തിയോ ഇല്ലയോ എന്ന് സൈന്യത്തെ ചോദ്യം ചെയ്യുന്നത് ഏറ്റവും വലിയ കുറ്റമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കോൺഗ്രസ് നേതാവ് രാഹുലിനെക്കുറിച്ചുള്ള എന്‍റെ പരാമർശത്തിൽ അദ്ദേഹം (തെലങ്കാന മുഖ്യമന്ത്രി കെസിആർ) പ്രകോപിതനായി. യഥാർത്ഥത്തിൽ നമ്മുടെ സൈന്യത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിൽ അല്ലേ അദ്ദേഹം പ്രകോപിതനാകേണ്ടത്'- ഹിമന്ത ശർമ്മയുടെ ഏറ്റവും പുതിയ ചോദ്യം ഇതാണ്.
ശർമ്മക്ക് പിന്നാലെ സർജിക്കൽ സ്‌ട്രൈക്കിനെ ചോദ്യം ചെയ്തതിന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും കെസിആറിനെതിരെ ആഞ്ഞടിച്ചു. 'തെലങ്കാന മുഖ്യമന്ത്രി രോഷാകുലനും പരിഭ്രാന്തനുമാണ്. കോൺഗ്രസിന്റെയും ടിആർഎസിന്റെയും വാക്കുകൾ പാക്കിസ്ഥാന്റെ വാക്കുകൾക്ക് സമാനമാണ്. തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം അവർ പുതിയ പരീക്ഷണങ്ങൾ നടത്താറുണ്ട്- ഹിജാബായാലും സർജിക്കൽ സ്‌ട്രൈക്കായാലും വികസനത്തിന്റെ കാര്യത്തിൽ അവർക്ക് ബിജെപിയുമായി മത്സരിക്കാൻ കഴിയില്ലെന്നും' അനുരാഗ് താക്കുർ പറഞ്ഞു.
