കഴിഞ്ഞ സെപ്റ്റംബർ 26-ന് ബെംഗളൂരുവിൽ നടന്ന കോൺഫറൻസിനിടെയാണ് സംഭവം. രാത്രി അക്കാദമിക് ചർച്ചകൾക്ക് ശേഷം റൂമിലേക്ക് മടങ്ങുന്ന സമയത്ത് ലിഫ്റ്റിന് സമീപത്തുവച്ച് പ്രൊഫസർ തന്നോട് മോശമായി പെരുമാറുകയും ലൈംഗികമായി സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്നാണ് ഗവേഷകയുടെ പരാതി.
ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന അന്താരാഷ്ട്ര അക്കാദമിക് കോൺഫറൻസിനിടെ വനിതാ ഗവേഷകയോട് ലൈംഗികാതിക്രമം കാട്ടിയ സംഭവത്തിൽ അസം സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർക്കെതിരെ പൊലീസ് കേസെടുത്തു. ഗവേഷകയുടെ പരാതിയിൽ അസമിലെ കാച്ചാർ പൊലീസ് ആണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 26-ന് ബെംഗളൂരുവിൽ നടന്ന കോൺഫറൻസിനിടെയാണ് കേസിനാസ്പദമായ സംഭവം. രാത്രി അക്കാദമിക് ചർച്ചകൾക്ക് ശേഷം റൂമിലേക്ക് മടങ്ങുന്ന സമയത്ത് ലിഫ്റ്റിന് സമീപത്തുവച്ച് പ്രൊഫസർ തന്നോട് മോശമായി പെരുമാറുകയും ലൈംഗികമായി സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്നാണ് ഗവേഷകയുടെ പരാതി.
എന്നാൽ താൻ പറ്റില്ലെന്ന് പറഞ്ഞതോടെ ഗവേഷണത്തിൽ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും പിഎച്ച്.ഡി പൂർത്തിയാക്കാൻ അനുവദിക്കില്ലെന്നും പ്രൊഫസർ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് റിസർച്ച് അഡ്വൈസറി കമ്മിറ്റിയുടെ യോഗങ്ങളിൽ പങ്കെടുന്നത് തടയുന്നതുൾപ്പെടെയുള്ള പ്രതികാര നടപടികൾ പ്രൊഫസറുടെ ഭാഗത്തുനിന്നുണ്ടായെന്നും ഗവേഷക ആരോപിക്കുന്നു. ഒക്ടോബർ 11-നാണ് ഗവേഷക അസം സർവകലാശാല പൊലീസ് ഔട്ട്പോസ്റ്റിൽ പരാതി നൽകിയത്. പരാതി ലഭിച്ചതായി കാച്ചാർ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് പാർത്ഥ പ്രതിം ദാസ് സ്ഥിരീകരിച്ചു.
കേന്ദ്ര സർവകലാശാലയായതിനാൽ സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ അന്വേഷണ റിപ്പോർട്ട് പൊലീസ് നടപടികൾക്ക് പ്രധാനമാണെന്ന് പാർത്ഥ പ്രതിം ദാസ് പറഞ്ഞു. ഒക്ടോബർ 7-ഓടെ തന്നെ തങ്ങൾക്ക് പരാതി ലഭിച്ചതായും വിഷയം ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിക്ക് കൈമാറിയതായും സർവകലാശാല രജിസ്ട്രാർ പ്രദോഷ് കിരൺ നാഥ് വ്യക്തമാക്കി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഐ.സി.സിയോട് നിർദ്ദേശിച്ചിട്ടുണ്ട്. പരാതി നൽകിയതിന് ശേഷം ആരോപണ വിധേയനായ അസിസ്റ്റന്റ് പ്രൊഫസറുടെ ഔദ്യോഗിക ഫോൺ നമ്പർ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.


