Asianet News MalayalamAsianet News Malayalam

കാഹളം മുഴങ്ങി, ത്രിപുരയടക്കം മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ്  

മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്കെത്തുക. തിയ്യതി പ്രഖ്യാപനത്തിന് മുന്നോടിയായി മൂന്ന് സംസ്ഥാനങ്ങളിലെയും ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയതായി ഇലക്ഷൻ കമ്മീഷൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.

Assembly Elections 2023 tripura nagaland and meghalaya states assembly election date announced by election commission
Author
First Published Jan 18, 2023, 3:05 PM IST

ദില്ലി : ത്രിപുര, മേഘാലയ, നാഗാലാന്‍റ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 2 നാകും മൂന്നിടത്തും വോട്ടെണ്ണലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിൽ ലക്ഷ ദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചു.  ഫെബ്രുവരി 27 നാകും ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ് നടക്കുക. വളരെ വേഗത്തിലുള്ള നീക്കമാണ് ലക്ഷദ്വീപ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്കെത്തുക. തിയ്യതി പ്രഖ്യാപനത്തിന് മുന്നോടിയായി മൂന്ന് സംസ്ഥാനങ്ങളിലെയും ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയതായി ഇലക്ഷൻ കമ്മീഷൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിലുമായി 9,125 പോളിങ് സ്റ്റേഷനുകൾ തയ്യാറാക്കും. ഇവയിൽ 70% പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. വോട്ടർ ഐഡി കാർഡ് ഉൾപ്പെടെയുള്ള 12 തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ജനങ്ങൾക്ക് വോട്ട് ചെയ്യാം. വ്യാജ വീഡിയോകൾ തടയാൻ പോളിങ് ബൂത്തിന് അകത്തും ബൂത്ത് നമ്പർ അടക്കമുളളവ  രേഖപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചു. വ്യാജ ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയുന്നതിനാണ് ഈ സംവിധാനം.  

ഈ വർഷം നടക്കാൻ പോകുന്ന പത്ത് സംസ്ഥാനങ്ങളിലേക്കുള്ള പോരാട്ടങ്ങളുടെ തുടക്കമാണ് വടക്കു-കിഴക്കൻ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതോടെ ഇനി രാഷ്ട്രീയ പാര്‍ട്ടികൾ പ്രചാരണം ശക്തമാക്കും. മൂന്ന് സംസ്ഥാനങ്ങളിലേയും സർക്കാരുകളില്‍ ബിജെപി ഭാഗമാണ്. ത്രിപുരയില്‍ ബിജെപിക്കെതിരെ സിപിഎം കോണ്‍ഗ്രസ് ധാരണയായതോടെ മത്സരം ശക്തമാകും. വിശാല പ്രതിപക്ഷ ഐക്യത്തിലേക്ക് പ്രത്യുദ് ദേബ് ബർമന്‍റെ തിപ്ര മോത പാര്‍ട്ടിയെ കൂടി കൊണ്ടു വരാനാണ് രണ്ടു പാർട്ടികളും ശ്രമിക്കുന്നത്. മോദി പ്രഭാവവും സംസ്ഥാന സർക്കാരിന്‍റെ വികസനവും വോട്ടാക്കി ഭരണ തുടര്‍ച്ച നേടാനായി ത്രിപുരയില്‍ റാലികളുമായി ബിജെപി സജീവമാണ്. ബിപ്ലബ് ദേവിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയെ ആക്കിയതിലൂടെ ഭരണവിരുദ്ധ വികാരവും ആഭ്യന്തരപ്രശ്നവും പരിഹരിക്കാനായെന്നും ബിജെപി കരുതുന്നു. 

മേഘാലയില്‍ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയും ബിജെപിയും ചേർന്ന സഖ്യമായ എംഡിഎ ആണ് ഭരിക്കുന്നത്. 20 സീറ്റ് എംഡിഎക്കും മൂന്ന് സീറ്റ് ബിജെപിക്കുമുണ്ട്.  സഖ്യമില്ലാതെ ഒറ്റക്ക് മത്സരിക്കുമെന്നാണ് മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മയുടെ എന്‍പിപിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസിനെ ഞെട്ടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ വർഷം 17 ല്‍ 12 എംഎൽഎമാരെയും ഒപ്പമെത്തിച്ച് മുഖ്യ പ്രതിപക്ഷമായിരുന്നു. എന്നാല്‍ ഇതില്‍ എട്ട് എംഎല്‍എമാർ മാത്രമേ ഒപ്പമുള്ളുവെന്നതാണ് ടിഎംസി നേരിടുന്ന പ്രതിസന്ധി. നാഗാലന്‍റില്‍ 42 സീറ്റുള്ള എൻഡിപിപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 12  സീറ്റുള്ള ബിജെപിയും ചേർന്നുള്ള യുഡിഎ ആണ് സംസ്ഥാനം ഭരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios