കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റാരോപിതനെ കോടതി വെറുതെ വിട്ടു. സിപിഎം പ്രവര്‍ത്തകനായ ലാലു ആലമിനെയാണ് വ്യാഴാഴ്ച കോടതി കുറ്റവിമുക്തനാക്കിയത്. 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.

'കുറ്റപത്രത്തില്‍ പേരുചേര്‍ക്കപ്പെട്ട പലരും ഇതിനോടകം തന്നെ മരിച്ചു. ചിലര്‍ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇനിയും കേസ് മുന്നോട്ട് കൊണ്ടുപോകുന്നത് കൊണ്ട് ധനനഷ്ടമല്ലാതെ മറ്റ് പ്രയോജനങ്ങള്‍ ഒന്നുമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്'- സര്‍ക്കാര്‍ അഭിഭാഷകനായ രാധാകൃഷ്ണ മുഖര്‍ജി അറിയിച്ചു. പശ്ചിമ ബംഗാളിലെ ഇടത് സര്‍ക്കാര്‍ 21 വര്‍ഷത്തോളം കേസിലെ നടപടികള്‍ തുടരുന്നത് തടഞ്ഞുവെച്ചതായും അദ്ദേഹം ആരോപിച്ചു.

പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷമുണ്ടെന്നും 2011- ല്‍ തന്നെ കേസുമായി മുന്നോട്ട് പോകേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കില്‍ തനിക്ക് ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാകുമെന്നും ലാലു ആലം പ്രതികരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

തെളിവുകളുടെയും സാക്ഷികളുടെയും അഭാവത്തിലാണ് ആലിപുര്‍ കോടതി ആലമിനെ വെറുതെ വിട്ടത്. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ ഇപ്പോള്‍ 62- കാരനായ ആലം സിപിഎമ്മിന്‍റെ യൂത്ത് വിങ് നേതാവായിരുന്നു. 

1990 -ഓഗസ്റ്റ് 16 നാണ് മമത ബാനര്‍ജിക്ക് നേരെ ആക്രമണം ഉണ്ടായത്. കേസില്‍ കുറ്റാരോപിതനായ ലാലു ആലം മമതയുടെ തലയില്‍ വടി കൊണ്ട് അടിക്കുകയും ഇതേ തുടര്‍ന്ന് മമത ബാനര്‍ജിയുടെ തലയോട്ടിക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് 35 വയസ്സുണ്ടായിരുന്ന മമത ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1994- ല്‍ കേസിലെ സാക്ഷിയായി മമത അലിപുര്‍ കോടതിയില്‍ ഹാജരായി. പിന്നീട് 2011- ല്‍ മമത അധികാരത്തിലെത്തിയപ്പോള്‍ സംഭവത്തില്‍ ലാലു ആലം മാപ്പ് പറഞ്ഞിരുന്നു.