Asianet News MalayalamAsianet News Malayalam

യാത്രാവിമാനങ്ങളുടെ അടിയന്തര ലാൻഡിംഗ്: റിപ്പോര്‍ട്ട് തേടി വ്യോമയാന മന്ത്രി

48 മണിക്കൂറിനിടെ നാല് വിമാനങ്ങൾ അടിയന്തര ലാൻഡിങ്ങ് നടത്തിയതായി ഡിജിസിഎ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെട്ടതും, വന്നതുമായ വിമാനങ്ങളാണ് അടിയന്തര ലാൻഡിങ്ങ് നടത്തിയത്.

aviation minister seeks report on the emergency landing of passenger planes
Author
Delhi, First Published Jul 17, 2022, 7:29 PM IST

ദില്ലി: യാത്രാവിമാനങ്ങൾക്ക് തുടര്‍ച്ചയായി യന്ത്രതകരാർ ഉണ്ടാവുന്നതിൽ റിപ്പോര്‍ട്ട് തേടി കേന്ദ്ര വ്യോമയാന മന്ത്രി (Jyotiraditya Scindia). രണ്ട് ദിവസത്തിനിടെ രാജ്യത്ത് നാല് വിമാനങ്ങൾ അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് വ്യോമയാനമന്ത്രി റിപ്പോര്‍ട്ട് തേടിയത്. സാഹചര്യം വിലയിരുത്താൻ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേര്‍ന്നു. വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും, സാങ്കേതിക വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു. യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രി യോഗത്തിൽ നിര്‍ദേശിച്ചു.

48 മണിക്കൂറിനിടെ നാല് വിമാനങ്ങൾ അടിയന്തര ലാൻഡിങ്ങ് നടത്തിയതായി ഡിജിസിഎ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെട്ടതും, വന്നതുമായ വിമാനങ്ങളാണ് അടിയന്തര ലാൻഡിങ്ങ് നടത്തിയത്. ഷാർജയിൽ നിന്ന് കൊച്ചിയിലേക്കുള്ള ജി9-426 എയർ അറേബ്യ വിമാനം ഹൈഡ്രോളിക് തകരാറിലായത് മൂലം കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. 

ഇന്നലെ ബാങ്കോക്കിലേക്കുള്ള എത്യോപ്യൻ എയർലൈൻസിന്റെ വിമാനം സമ്മർദ്ദപ്രശ്നത്തെത്തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഫോര്‍വേഡ് ഗ്യാലിയില്‍ നിന്ന് കത്തിയ ഗന്ധം വന്നതിനെ തുടർന്നാണ് കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്പ്രസ് വിമാനം മസ്ക്കറ്റില്‍ ഇറക്കിയത്. വെള്ളിയാഴച്ചയും ശ്രീലങ്കൻ എയർലൈൻസിന്റെ ഒരു വിമാനം ഹൈഡ്രോളിക് തകരാർ കാരണം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു. 

കഴിഞ്ഞ ദിവസം ഇന്‍‍ഡിഗോയുടെ ഒരു വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പാക്കിസ്ഥാനില്‍ ഇറക്കിയിരുന്നു.  ഷാർജയില്‍നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനമാണ് കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്. സുരക്ഷാമുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടിയെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും ഇന്‍ഡിഗോ അധികൃതർ അറിയിച്ചു. 

യാത്രക്കാരെ കൊണ്ടുവരാനായി ഇന്ത്യയില്‍നിന്നും മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയച്ചുവെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറയുന്നു. രണ്ടാഴ്ചക്കിടെ രണ്ടാമത്തെ വിമാനമാണ് സാങ്കേതിക തകരാറുമൂലം കറാച്ചിയില്‍ ഇറക്കേണ്ടി വന്നത്. നേരത്തെ സ്പൈസ് ജെറ്റ് വിമാനം കറാച്ചിയില്‍ ഇറക്കിയ സംഭവത്തില്‍ ഡിജിസിഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios