ദില്ലി: മൂന്നാം തവണയും ദില്ലിയില്‍ ആം ആദ്മി പാർട്ടി നേടിയ വമ്പൻ വിജയത്തില്‍ ആഹ്ലാദത്തിമിർപ്പിലായിരുന്നു പാർട്ടി പ്രവർത്തകർ. ഇവർക്കൊപ്പം താരമായി മറ്റൊരാള്‍ ഉണ്ടായിരുന്നു. മഫ്ളർ കൊണ്ട് ചെവിമൂടി കഴുത്തിൽ ചുറ്റി. കുഞ്ഞുതൊപ്പിയും കണ്ണടയും വച്ച്, മെറൂൺ കളർ ജാക്കറ്റണിഞ്ഞ  'കുഞ്ഞൻ കെജ്‍രിവാളാ'യിരുന്നു വിജയവേളയിലെ സൂപ്പർ താരം. വിജയം ഏകദേശം ഉറപ്പായിക്കഴിഞ്ഞ സാഹചര്യത്തിൽ‌ ആംആദ്മി പാർട്ടി തങ്ങളുടെ ട്വിറ്റർ പേജിലും ഈ കുഞ്ഞന്റെ ഫോട്ടോ പങ്കിട്ടിരുന്നു. 

അവ്യാൻ തോമർ എന്നാണ് ഈ ഒരു വയസ്സുകാരൻ  'കു‍ഞ്ഞൻ കെജ്‍രിവാളി'ന്റെ പേര്. അച്ഛന്റെ തോളിലേറി വന്ന ഈ കുട്ടിക്കുറുമ്പൻ നിമിഷ നേരം കൊണ്ടാണ് ട്വി​റ്റ​റി​ല്‍ താ​ര​മാ​യി മാ​റി​യ​ത്.  2500ലേ​റെ ത​വ​ണ​യാ​ണ് അ​വ്യാ​ന്‍ തോ​മ​റി​ന്‍റെ ചി​ത്രം റീ ​ട്വീ​റ്റ് ചെ​യ്ത​ത്. 'മ​ഫ്‌​ള​ര്‍​മാ​ന്‍' എ​ന്ന തലക്കെട്ടും പുഞ്ചിരിക്കുന്ന സ്മൈലിയും ചേർത്താണ് ആംആദ്മി അവ്യാന്റെ ചിത്രം പേജിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇ​രു​ത്ത​യ്യാ​യി​ര​ത്തി​ലേ​റെ​പ്പേ​രാണ് ചിത്രത്തിന് ലൈക്ക് രേഖപ്പെടുത്തിയത്.  

അ​വ്യാ​ന്‍റെ പി​താ​വ് രാ​ഹു​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി അ​നു​യാ​യി​യും ചെ​റു​കി​ട വ്യാ​പാ​രി​യു​മാ​ണ്. 2015 ലെ ദില്ലി തെരഞ്ഞെടുപ്പിൽ അവ്യാന്റെ സഹോദരി ഫെയറി കെജ്‍രിവാളിന്റെ വേഷത്തിലെത്തിയിരുന്നു. ഫെയറിക്ക് ഇപ്പോൾ ഒൻപത് വയസ്സുണ്ട്. അന്ന് രാം ലീല മൈതാനത്ത് സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോഴും കെജ്‍രിവാളിന്റെ വേഷത്തിൽ ഫെയറിയും എത്തിയിരുന്നു. 2011 ൽ അണ്ണാ ഹസാരെയ്ക്കൊപ്പം പ്രവർത്തിക്കുന്ന സമയം മുതൽ കെജ്‍രിവാളിന്റെ ആരാധകനായിരുന്നു താനെന്ന് അവ്യാന്റെ പിതാവ് തോമർ വെളിപ്പെടുത്തുന്നു. കേ​ജ്​രി​വാ​ളി​ന്‍റെ സ​ത്യ​സ​ന്ധ​ത​യും പ്ര​തി​ജ്ഞാ​ബ​ന്ധ​ത​യു​മാ​ണ് ത​ങ്ങ​ളെ ആ​ക​ര്‍​ഷി​ച്ച​തെ​ന്ന് അ​വ്യാ​ന്‍റെ അ​മ്മ മീ​നാ​ക്ഷി പ​റ​ഞ്ഞു.