ദില്ലി: അയോധ്യക്കേസിലെ സുപ്രീം കോടതിയുടെ സുപ്രധാനമായ വിധിയെ അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ജനാധിപത്യ രാജ്യമെന്ന നിലയില്‍ സുപ്രീം കോടതിയുടെ വിധിയെ എല്ലാവരും അംഗീകരിക്കണം. അതോടൊപ്പം രാജ്യത്തെ ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സുപ്രീംകോടതിയുടെ വിധി എല്ലാവരും സ്വാഗതം ചെയ്യണമെന്നും സാമൂഹിക ഐക്യത്തിന് ഇത് ഗുണം ചെയ്യുമെന്നും ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ  മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതികരിച്ചു. വിഷയത്തിൽ കൂടുതൽ തർക്കങ്ങൾ ഉണ്ടാകരുതെന്നും നിതീഷ് കുമാർ കൂട്ടിച്ചേര്‍ത്തു. 

2010 സെപ്റ്റംബര്‍ 30ന് അയോധ്യയിലെ തര്‍ക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ച് നൽകാൻ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ ഹിന്ദു സംഘടനകളും സുന്നി വഖഫ് ബോര്‍ഡ് ഉൾപ്പടെയുള്ള മുസ്‍ലിം കക്ഷികളും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി പ്രസ്താവിച്ചത്.

തർക്കഭൂമിയിൽ ക്ഷേത്രം, മുസ്ലീങ്ങൾക്ക് അയോധ്യയിൽ പകരം ഭൂമി: സുപ്രീം കോടതി വിധി 

തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും മുസ്‍ലിംകള്‍ക്ക് പകരം ഭൂമി നല്‍കാമെന്നുമുള്ള വിധിയാണ് കോടതി പ്രസ്താവിച്ചത്. അതേ സമയം  തർക്കഭൂമി ഏതെങ്കിലും കക്ഷികൾക്ക് വിട്ടുകൊടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാകും ക്ഷേത്രം പണിയേണ്ടതെന്നുമാണ് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കുന്നത്. അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി പൂര്‍ണമായും തള്ളി.