Asianet News MalayalamAsianet News Malayalam

അയോധ്യ വിധിക്കെതിരെ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി

സുപ്രീം കോടതി വിധി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി

Ayodhya Case peace party files curative petition in supreme court
Author
Thiruvananthapuram, First Published Jan 21, 2020, 12:33 PM IST

ദില്ലി: അയോധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ തിരുത്തൽ ഹർജി. സുപ്രീം കോടതി വിധി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. പീസ് പാർട്ടിയാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

വിധിയിലെ പിഴവ് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അയോധ്യയില്‍ കര്‍സേവകര്‍ പൊളിച്ചുനീക്കിയ ബാബ്‍രി മസ്ജിദിന് പകരം മുസ്ലിം പള്ളി നിര്‍മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ യുപി സര്‍ക്കാര്‍ നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു. ശ്രീരാമന്‍ ജനിച്ചുവെന്ന് വിശ്വസിക്കുന്ന സ്ഥലത്തിന്‍റെ 15 കിലോമീറ്റര്‍ പരിധിക്ക് പുറത്താണ് നിര്‍ദേശിച്ച അഞ്ച് സ്ഥലങ്ങളും. മിര്‍സാപുര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദ്പുര്‍ എന്നിവിടങ്ങളിലാണ് അഞ്ച് സ്ഥലങ്ങള്‍ നിര്‍ദേശിച്ചത്.

നാല് മാസത്തിനകം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ബിജെപി പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് നാല് മാസത്തിനകം രാമക്ഷേത്രമെന്ന വാഗ്ദാനം ആവര്‍ത്തിച്ചത്. നേരത്തെ ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അയോധ്യയില്‍ അംബര ചുംബിയായ രാമക്ഷേത്രം നാല് മാസത്തിനകം നിര്‍മിക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

കര്‍സേവകര്‍ 1992ലാണ് ബാബ്‍രി മസ്ജിദ് പൊളിച്ചത്. ശ്രീരാമന്‍റെ ജന്മസ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും മുഗള്‍ രാജാവായ ബാബര്‍ ക്ഷേത്രം നിര്‍മിച്ചാണ് പള്ളി നിര്‍മിച്ചതെന്നും ആരോപിച്ചാണ് പള്ളി പൊളിച്ചത്. സംഭവം രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു. 2019 നവംബര്‍ ഒമ്പതിനാണ് പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യ-ബാബ്‍രി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി പറഞ്ഞത്.

പള്ളി പൊളിച്ചുനീക്കിയ സ്ഥലക്ക് ക്ഷേത്രം നിര്‍മിക്കാമെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അയോധ്യയില്‍ അഞ്ച് ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നുമായിരുന്നു വിധി. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് വിവിധ വ്യക്തികളും സംഘടനകളും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും സുപ്രീം കോടതി തള്ളി.  അയോധ്യയില്‍ നാല് മാസത്തിനകം അംബര ചുംബിയായ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios