ദില്ലി: ആറു നൂറ്റാണ്ട് നീണ്ട അയോധ്യ തര്‍ക്കത്തിന് സുപ്രീം കോടതിയുടെ ഇന്നത്തെ സുപ്രധാനമായ വിധിയോടെ വിരാമമാകും. 2010 സെപ്റ്റംബര്‍ 30ന് അയോധ്യയിലെ തര്‍ക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ച് നൽകാൻ അലഹാബാദ് ഹൈക്കോടതി വിധിച്ചു. അതിനെതിരെ ഹിന്ദു സംഘടനകളും സുന്നി വഖഫ് ബോര്‍ഡ് ഉൾപ്പടെയുള്ള മുസ്‍ലിം കക്ഷികളും സുപ്രീംകോടതിയിലെത്തി. ഈ കേസിലാണ് ഇന്ന് വിധി പറയുന്നത്. 

ചരിത്രവിധിക്ക് മണിക്കൂറുകള്‍ മാത്രം; രാജ്യം കനത്ത സുരക്ഷയില്‍

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഓഗസ്റ്റ് 7 മുതൽ ഒക്ടോബര് 17വരെ 40 പ്രവര്‍ത്തി ദിനങ്ങളിൽ തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് വിധിപ്രസ്താവിക്കുന്നത്. 

ബിജെപിയുടെ ഉദയത്തിന് വഴിയൊരുക്കിയ രാമക്ഷേത്ര പ്രക്ഷോഭം; 'അയോധ്യ'യിലെ രാഷ്ട്രീയം
 

അയോധ്യ കേസിലെ വാദങ്ങൾ ഇങ്ങനെ: 

രാംലല്ല (രാമജന്മഭൂമി ന്യാസ്)

 • അയോധ്യ രാമന്‍റെ ജന്മസ്ഥലമാണ്.
 • ജന്മസ്ഥലം മറ്റെവിടേക്കെങ്കിലും മാറ്റാനാകില്ല.
 • രാമന്‍റെ ജന്മഭൂമിയിൽ തന്നെ ക്ഷേത്രം നിര്‍മ്മിക്കണം.
 • മുസ്‍ലിംങ്ങൾക്ക് ആരാധന നടത്താൻ മറ്റ് സ്ഥലങ്ങളിലും മസ്ജിദുകൾ നിര്‍മ്മിക്കാം
 • രാമക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചത്
 • ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് തെളിയിക്കുന്ന പുരാവസ്തു രേഖകൾ കോടതി അംഗീകരിക്കണം
 • മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന് അടിയിൽ നിന്ന് ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്


 സുന്നി വഖഫ് ബോര്‍ഡ്

 • 1992വരെ അയോധ്യയിൽ മസ്ജിദ് ഉണ്ടായിരുന്നു.
 • ബ്രിട്ടീഷ് ഭരണകാലത്ത് കിട്ടികൊണ്ടിരുന്ന ഗ്രാന്‍റ് മസിജ്ദിന്‍റെ അവകാശം ശരിവെക്കുന്നത്
 • തര്‍ക്കഭൂമിയിൽ എന്തെങ്കിലും നിര്‍മ്മാണം നടത്താനുള്ള അവകാശം മുസ്‍ലിം കക്ഷികൾക്ക് മാത്രം
 • ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കണം
 • 1934 ലെ കലാപത്തിന് ശേഷവും ബാബറി മസ്ജിദിൽ മുസ്‍ലിങ്ങൾ ആരാധന നടത്തിയിരുന്നു
 • ബാബറി മസ്ജിദ് നിന്ന സ്ഥലത്താണ് രാമൻ ജനിച്ചത് എന്നതിന് തെളിവില്ല
 • മസ്ജിദ് നിന്ന സ്ഥലത്തല്ല രാമൻ ജനിച്ചതെന്ന ചരിത്രരേഖകൾ അലഹാബാദ് ഹൈക്കോടതി പരിഗണിച്ചില്ല


നിര്‍മോഹി അഖാഡ

 • അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കാൻ അവകാശം നൽകണം
 • 2.77 ഏക്കര്‍ ഭൂമിയും നിര്‍മോഹി അഖാഡ​​​​​​​ക്ക് അവകാശപ്പെട്ടത്
 • ക്ഷേത്രത്തിന്‍റെ മേൽനോട്ട ചുമതല നിര്‍മോഹി അഖാഡ​​​​​​​ക്കായിരുന്നു
 • ക്ഷേത്ര പൊളിച്ചാണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചത്
 • പുരാവസ്തു ഗവേഷകര്‍ ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തിന് അടിയിൽ നിന്ന് ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്
 • അയോധ്യയാണ് രാമന്‍റെ ജന്മഭൂമി എന്നത് നിഷേധിക്കാനാകാത്ത വസ്തുത
 • വിദേശ സഞ്ചാരികളുടെ യാത്രാകുറിപ്പുകളിൽ അയോധ്യ പരാമര്‍ശമുണ്ട്
 • വിഗ്രഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും അവകാശം സംരക്ഷിക്കണം